ബെന്നി പെരിയപ്പുറം: സീറോ മലബാര്‍ കണ്‍വെന്‍ഷനില്‍ ‘ പദയാത്ര’യുമായി സ്റ്റെച്ച്‌ഫോര്‍ഡ്. ഏഴാമത് സീറോ മലബാര്‍ കണ്‍വന്‍ഷനില്‍ ബര്‍മ്മിങ്ഹാം അതിരൂപത പരിധിയിലെ സീറോ മലബാര്‍ മാസ് സെന്ററായ സ്‌റ്റെച്ച്‌ഫോര്‍ഡ് സെന്റ്. അല്‍ഫോന്‍സാ കമ്യൂണിറ്റി വതരിപ്പിക്കുന്ന സംഗീത നൃത്ത പരിപാടിയുടെ പേരാണ് ‘പദയാത്ര’. ഈ ഞായറാഴ്ച സ്‌റ്റെച്ച്‌ഫോര്‍ഡില്‍ വച്ച് കണ്‍വന്‍ഷന്‍ നടക്കുമ്പോള്‍ ആതിഥേയ മാസ് സെന്റര്‍ എന്ന നിലയില്‍ അവതരിപ്പിക്കുന്ന സ്വാഗത സംഗീത നൃത്ത പരിപാടിയാണിത്. സാവിയോ ഫ്രണ്ട്‌സിന്റെയും യൂത്ത് മൂവ്‌മെന്റിന്റെയും കുട്ടികള്‍ അടക്കം നൂറോളം കലാകാരന്മാരാണ് സ്വാഗത നൃത്ത പരിപാടിയില്‍ അണിനിരക്കുക. പ്രശസ്ത നൃത്ത അധ്യാപകന്‍ നൈസാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.
ആദി മാതാപിതാക്കളില്‍ തുടങ്ങി ഏറ്റവും ഒടുവില്‍ സീറോ മലബാര്‍ സഭയുടെ പുതിയ രൂപതയുടെ പ്രഖ്യാപനം വരെയുള്ള വിവിധ ഏടുകള്‍ സ്‌റ്റേജില്‍ മിന്നിമറയുമ്പോള്‍ പുതുതലമുറക്ക് ഒരു പുത്തനനുഭവവും വിശ്വാസ പ്രഖ്യാപനത്തിന്റെ പുതിയൊരു രൂപവും ആയിത്തീരും.
ഗ്രേറ്റ് ബ്രിട്ടനിലെ പുതിയ രൂപതയുടെ നിയുക്ത ഇടയന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ പിതാവ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത് കൊണ്ടും പിതാവ് പങ്കെടുക്കുന്ന ഇംഗ്ലണ്ടിലെ ആദ്യത്തെ വലിയ പരിപാടിയായതു കൊണ്ടും വളരെ ആവേശത്തോടെയാണ് വിശ്വാസികള്‍ കണ്‍വന്‍ഷനെ കാത്തിരിക്കുന്നത്. ചാപ്ലിയന്‍മാരായ ഫാ. ജെയ്‌സണ്‍ കരിപ്പായിയുടെയും ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തിലിന്റെയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. യുകെയിലെ സീറോ മലബാര്‍ സഭക്ക് മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെയും കുട്ടികളുടെയും യുവാക്കളുടെയും സംഘടനകളിലൂടെയും ചിട്ടയായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റികളിലൂടെയും ആയിരകണക്കിന് സീറോ മലബാര്‍ സഭ കുടുംബങ്ങള്‍ക്ക് യേശു മാര്‍ തോമാശ്ലീഹായുടെ പകര്‍ന്നു നല്‍കിയ വിശ്വാസം പകര്‍ന്നു കൊടുത്തു കൊണ്ടും പ്രവര്‍ത്തിക്കുന്നു. 25ന് 14 മാസ് സെന്ററുകളില്‍ നിന്നും കോച്ചുകളിലും കാറുകളിലുമായി ബര്‍മിംഗ്ഹാമിനടുത്ത് സ്‌മോള്‍ഹീത്ത് സെന്റ്. തോമസ് നഗറിലേക്ക് വിശ്വാസികള്‍ എത്തി ചേരും.
25ന് ഞായറാഴ്ച നിയുക്ത ബിഷപ്പ് രാവിലെ 8.45ന് നിയുക്ത ബിഷപ് മാര്‍. ജോസഫ് സ്രാമ്പിക്കലിന് സ്വീകരണം, തുടര്‍ന്ന് 9 മണിക്ക് 14 മാസ് സെന്ററുകളില്‍ നിന്നുമായി വേദപാഠം പരീക്ഷക്ക് ഒന്നാം സ്ഥാനം കിട്ടിയ കുട്ടികളെ ആദരിക്കല്‍. തുടര്‍ന്ന് 9.45ന് ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന, സന്ദേശം തുടര്‍ന്ന് 12 മണിക്ക് പൊതു സമ്മേളനം, 1 മണിക്ക് സ്‌നേഹവിരുന്നും 2 മണിക്ക് 14 മാസ് സെന്ററുകളിലെയും കലാകാരന്മാര്‍ പങ്കെടുക്കുന്ന ബൈബിള്‍ അധിഷ്ഠിതമായ കലാപരിപാടികള്‍, 5 മണിയോടെ കണ്‍വന്‍ഷന് തിരശീല വീഴും. കണ്‍വന്‍ഷന്‍ ഹാള്‍ പരിസരത്തും സമീപത്തെ പാര്‍ക്കിങ്ങ് സ്ഥലങ്ങളിലും വാഹനങ്ങള്‍ക്ക് സൗജന്യ പാര്‍ക്കിങ് സൗകര്യം ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല