സ്വന്തം ലേഖകന്‍: ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫേല്‍ യുദ്ധ വിമാന കരാര്‍ യാഥാര്‍ഥ്യമായി, 36 റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യക്ക് കൈമാറും. രാജ്യത്തിന്റെ വ്യോമാതിര്‍ത്തിക്ക് ഉള്ളില്‍ നിന്നുകൊണ്ട് 150 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലേക്കു മിസൈല്‍ അയയ്ക്കാന്‍ കഴിയുന്നതാണ് റാഫേല്‍ വിമാനങ്ങള്‍. 58,750 കോടി രൂപ (788 കോടി യൂറോ) യുടേതാണ് കരാര്‍.
പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും ഫ്രഞ്ച് പ്രതിരോധമന്ത്രി ജീന്‍ യെവ്സ് ഡ്രെയിനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കരാറില്‍ ഒപ്പുവച്ചത്. കരാര്‍ ഒപ്പു വച്ച ദിവസം മുതല്‍ 36 മാസത്തിനും 66 മാസത്തിനും ഇടയില്‍ ഫ്രാന്‍സ് ഇന്ത്യക്ക് വിമാനങ്ങള്‍ നല്‍കും.
ഇരട്ട എഞ്ചിനുകളുള്ള ഇടത്തരം വിവിധോദ്യേശ വിമാനമാണ് റഫേല്‍. അയല്‍രാജ്യത്തെത്തി ആക്രമണം നടത്താനും യുദ്ധക്കപ്പലുകളെ നേരിടാനും അണുവായുധം വഹിക്കുവാനും ശേഷിയുള്ള യുദ്ധവിമാനങ്ങളാണിത്. ഫാന്‍സിലെ ഡസു ഏവിയേഷനാണ് റഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്നത്.
കാലപ്പഴക്കം ചെന്ന മിഗ് വിമാനങ്ങള്‍ ഘട്ടം ഘട്ടമായി ഡീ കമ്മിഷന് ചെയ്ത് പൂര്‍ണമായും ഒഴിവാക്കി പകരം റാഫേലുകളും യുഎസ് നിര്‍മ്മിത എഫ് 16ഉം തദ്ദേശീയമായി വികസിപ്പിച്ച തേജസും വ്യോമസേനയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ കരാറില്‍ ഒപ്പിട്ടത്.
മന്മോഹന് സിങ്ങ് സര്‍ക്കാര്‍ 126 വിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും 36 ആയി ചുരുക്കുകയായിരുന്നു. കരാര്‍ ഒപ്പിട്ടതോടെ ഇന്ത്യ ലോകത്തില്‍ ആയുധം വാങ്ങാന്‍ ഏറ്റവും പണം ചെലവഴിക്കുന്ന രാജ്യമാകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല