സ്വന്തം ലേഖകന്‍: ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള പാരീസ് ഉടമ്പടി ഇന്ത്യയില്‍ ഒക്ടോബര്‍ രണ്ടു മുതല്‍ പ്രാബല്യത്തില്‍. ബിജെപി ദേശീയ കൗണ്‍സിലില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുന്ന രീതി നമ്മെ നാശത്തിലെത്തിക്കും. ഭൗമതാപനില രണ്ട് ഡിഗ്രി കൂടുന്നത് എങ്ങനെ തടയാമെന്നാണ് ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ചൂട് രണ്ട് ഡിഗ്രി കൂടിയാല്‍ കേരളമടക്കം എല്ലാ തീരപ്രദേശങ്ങളേയും അത് ദോഷകരമായി ബാധിക്കും. പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അതു കൊണ്ട് ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ ഇന്ത്യ പാരീസ് ഉടമ്പടി നടപ്പിലാക്കും. ഏറ്റവും കുറഞ്ഞ അളവില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന രീതിയിലുള്ള ജീവിത ശൈലി സ്വീകരിച്ചിരുന്ന ആളായിരുന്നു ഗാന്ധിജി. അതുകൊണ്ടാണ് ഗാന്ധിജയന്തി ദിനം അത്തരമൊരു കരാറിലേര്‍പ്പെടാന്‍ നാം തിരഞ്ഞെടുത്തത്, അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിനായുള്ള 1997 ലെ ക്യോട്ടോ പ്രോട്ടാകോളിന് പകരമുള്ളതാണ് പാരീസ് ഉടമ്പടി. ഇതുമായി ബന്ധപ്പെട്ട കരാറില്‍ കഴിഞ്ഞ ഡിസംബറിലാണ് ലോകരാജ്യങ്ങള്‍ ഒപ്പുവെച്ചത്. ഭൗമതാപനിലയിലെ വര്‍ധന 2 ഡിഗ്രി സെല്‍ഷ്യസില്‍ അധികമാകാതിരിക്കാന്‍ നടപടി സ്വീകരിക്കുകയും ക്രമേണ ആ വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പരിമിതപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി.
കാലാവസ്ഥാമാറ്റം നേരിടാന്‍ വികസ്വര രാഷ്ട്രങ്ങള്‍ക്ക് 2020 ഓടെ ഒരോ വര്‍ഷവും 10,000 കോടി ഡോളര്‍ സഹായം നല്‍കുകമെന്നും 2025 ഓടെ ഈ തുക വര്‍ധിപ്പിക്കുമെന്നും ഉടമ്പടിയില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല