സ്വന്തം ലേഖകന്‍: ലോകത്തില്‍ 90 ശതമാനവും ശ്വസിക്കുന്നത് മലിനവായു, ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട്. അന്തരീക്ഷ മലിനീകരണം അപകടകരമായ തോതില്‍ ഉയര്‍ന്നതിനാല്‍ ലോകത്തെ പത്തില്‍ ഒമ്പതു പേരും ശ്വസിക്കുന്നത് മലിനമായ വായുവാണെന്ന് ഡബ്ല്യു. എച്ച്. ഒ. പറയുന്നു. ലോകജനസംഖ്യയുടെ 90 ശതമാനവും ഗുരുതരമായ ആരോഗ്യപ്രശ്നമാണ് നേരിടുന്നത് എന്ന് സാരം.
അന്തരീക്ഷ മലനീകരണം മൂലം പ്രതിവര്‍ഷം അറുപത് ലക്ഷം പേര്‍ക്കാണ് ലോകത്ത് ജീവന് നഷ്ടമാകുന്നത്. പ്രശ്നം അതീവ ആശങ്ക ഉളവാക്കുന്നതാണെന്ന് ഡബ്ലൂ.എച്ച്.ഒ മേധാവി മരിയ നീര പറഞ്ഞു. നഗരങ്ങളിലാണ് പ്രശ്നം അതീവ സങ്കീര്‍ണ്ണം. എന്നാല്‍ ഗ്രാമീണ മേഖലയിലെ അവസ്ഥയും വിചാരിച്ചതിലും മോശമാണ്. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ദരിദ്ര രാഷ്ട്രങ്ങളിലാണ് കൂടുതല്‍ മലിനമായ വായു ഉള്ളത്.
അന്തരീക്ഷ മലിനീകരണം ലോകത്തെ എല്ലാ രാജ്യങ്ങളേയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്നുണ്ടെന്നും നീര ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള 3000 നഗരങ്ങളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഡബ്ല്യൂ.എച്ച്.ഒ പുറത്തുവിട്ടത്.
വായു മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ പെട്ടെന്ന് കൊണ്ടുവരാന്‍ കഴിയില്ല. വാഹന പെരുപ്പം കുറയ്ക്കുക, മാലിന്യ സംസ്കരണം ഊര്‍ജിതമാക്കുക, പാചകത്തിന് ഹരിത വാതകം ഉപയോഗിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല