സ്വന്തം ലേഖകന്‍: മൃതദേഹത്തിനൊപ്പം നിന്ന് ചിരിക്കുന്ന സെല്‍ഫിക്കു പിന്നിലെ യഥാര്‍ഥ കഥ ഇതാണ്. കഴിഞ്ഞ ദിവസങ്ങളിലായി തരംഗമാകുകയും ഏറെ വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്ത സെല്‍ഫിയായിരുന്നു മൃതദേഹത്തോടൊപ്പമുള്ള ”ചിരിച്ച കുടുംബ സെല്‍ഫി”. മരിച്ചു കിടക്കുന്ന ഒരാളോടൊപ്പം കുടുംബാംഗങ്ങള്‍ ചിരിച്ചു കൊണ്ട് എടുത്ത സെല്‍ഫി, കാരണമറിയാത്ത ഫേസ്ബുക്ക് മലയാളികള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായി.
കുടുംബത്തെയും മലയാളികളുടെ സെല്‍ഫി ഭ്രാന്തിനെയും സംസ്കാരത്തെയുമൊക്കെ വിമര്‍ശിച്ച് പോസ്റ്റുകളും വന്നു. എന്നാല്‍ ഈ ചിത്രത്തിന്റെ യഥാര്‍ത്ഥ വസ്തുത ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.
കേരള പൊലീസ് റോഡ് സേഫ്റ്റിയുടെ ഭാഗമായി നിര്‍മിക്കുന്ന ഷോര്‍ട്ട്ഫിലിമിന്റെ ചിത്രീകരവേളയില്‍ എടുത്ത ചിത്രങ്ങളായിരുന്നു ഇവ.
കായംകുളം സ്വദേശിയായ ജയകുമാര്‍ ദേവപ്രിയ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒരാളാണ് ജയകുമാര്‍. ഉണ്ണി വിജയമോഹനന്‍ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് സംഘം ഇത് പകര്‍ത്തിയത്.
ചിത്രീകരണത്തിനായി മൃതദേഹമായി അഭിനയിച്ചയാളുടെ ചുറ്റും ഇരുന്നവര്‍ എടുത്ത സെല്‍ഫികളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. സെല്‍ഫി വിവാദമായതോടെ ജയകുമാര്‍ ക്ഷമാപണവുമായി രംഗത്തെത്തുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല