സ്വന്തം ലേഖകന്‍: അഞ്ചു വര്‍ഷമായി ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അപൂര്‍വ രോഗവുമായി അമേരിക്കന്‍ വിദ്യാര്‍ഥിനി. വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ 26 കാരി മാക്കന്‍സി ഹില്‍ഡയുടെ രോഗകാരണം കണ്ടെത്താന്‍ കഴിയാതെ കുഴങ്ങുകയാണ് ആരോഗ്യ വിദഗ്ദര്‍. ആദ്യം സാധാരണ ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ചികിത്സക്കായി ഹില്‍ഡയെ പ്രത്യേക ചികിത്സാ കേന്ദ്രത്തിലേക്ക് അയച്ചു.
വേദനയുണ്ടെങ്കിലും അവിടെ വെച്ച് ഹില്‍ഡയുടെ ഭാരം അല്‍പം കൂടി. അന്ന് ഹാര്‍വാര്‍ഡ് വിദ്യാര്‍ഥിനിയായിരുന്നു മാക്കന്‍സി. കോളേജില്‍ നിന്നും മെഡിക്കല്‍ ലീവെടുത്ത് പിന്നീട് മൂന്നു വര്‍ഷം വീട്ടില്‍ ചെലവഴിച്ചു. അതിനിടയില്‍ ചികിത്സയും തുടര്‍ന്നു. എന്നാല്‍ ആഹാരം കഴിക്കാന്‍ മാത്രം സാധിച്ചില്ല.
കഴിഞ്ഞ അഞ്ചു വര്‍ഷമായി തുടരുന്ന രോഗത്തിന് പരിഹാരം തേടി യുവതി, പ്രമുഖ ഡോക്ടര്‍മാരെയെല്ലാം കണ്ടു. എന്നാല്‍ രോഗം മാറിയില്ല. എന്തെങ്കിലും കഴിച്ചാലോ കുടിച്ചാലോ, പിന്നീട് ഒരു മണിക്കൂര്‍ നേരത്തേക്ക് കലശലായ വേദനയാണെന്ന് യുവതി പറയുന്നു. 2011ലാണ് ട്യൂബ് വഴി ഭക്ഷണം കഴിക്കാന്‍ ആരംഭിച്ചത്. അന്നനാളത്തിന് വിശ്രമം നല്‍കിയാല്‍ വൈകാതെ വായിലൂടെ ഭക്ഷണം കഴിക്കാന്‍ കഴിയുമെന്ന ഡോക്ടര്‍മാരുടെ നിഗമനത്തിലായിരുന്നു ഇത്.
എന്നാല്‍ വായിലൂടെ ഭക്ഷണം കഴിക്കല്‍ മാത്രം നടന്നില്ല. വേദനയുടെ കാരണവും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായില്ല. ആഹാരക്കുറവിനാല്‍ വയറ് ശോഷിക്കാനുള്ള സാധ്യതയുണ്ടെന്നും ബോസ്റ്റണ്‍ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഉയര്‍ന്ന കലോറിയുള്ള പോഷകസമൃദ്ധമായ ഡ്രിങ്കുകള്‍ കുറഞ്ഞ അളവില്‍ കഴിക്കാനും ഇവര്‍ നിര്‍ദേശിച്ചു.
ട്യൂബിലൂടെ ഭക്ഷണം കഴിക്കുന്നത് മറ്റുചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായപ്പോള്‍ 2012 മെയ് മാസത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഡോക്ടര്‍, യുവതിയുടെ അടിവയറില്‍ പുറത്തു കാണുന്ന വിധത്തില്‍ ഒരു ഫീഡിങ് ട്യൂബ് സ്ഥാപിച്ചു. പിത്താശയവും നീക്കം ചെയ്തു. എന്നിട്ടും വേദനയ്ക്ക് മാത്രം ശമനമുണ്ടായില്ല.
ട്യൂബിലൂടെ മാത്രം ഭക്ഷണം കഴിക്കേണ്ടി വരുന്ന ദയനീയ അവസ്ഥയിരിക്കെയാണ് 2014 ല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഒരു ഡോക്ടര്‍ ഹില്‍ഡയുടെ ജീവിതം മാറ്റിമറിച്ചത്. ഗൗള്‍ഡ് എന്ന ഡോക്ടറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഹില്‍ഡയുടെ രോഗം മീഡിയം ആക്കുറേറ്റ് ലിഗമെന്റ് സിന്‍ഡ്രം ആണെന്ന് കണ്ടെത്തി.
2015 മാര്‍ച്ചില്‍ നടന്ന രണ്ടര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയോടെ ജീവിതം ദുരിതമാക്കിയ വയറ് വേദനയെ ഡോക്ടര്‍മാര്‍ തുരത്തി. ഇന്ന് ഹില്‍ഡ വായിലൂടെ രുചിയറിഞ്ഞ് ഭക്ഷണം കഴിക്കുന്നു. ഒരു ഡോക്ടറായതിന് ശേഷം ആഫ്രിക്കയില്‍ സേവനം നടത്തുക എന്നതാണ് ഹില്‍ഡയുടെ ആഗ്രഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല