സ്വന്തം ലേഖകന്‍: ഇസ്രയേല്‍ മുന്‍ പ്രസിഡന്റും നോബേല്‍ സമ്മാന ജേതാവുമായ ഷിമോണ്‍ പെരസ് അന്തരിച്ചു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമായ ഷിമോണ്‍ പെരസിന് 93 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്ന പെരസ് പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കണ്ണടച്ചത്.
സപ്തംബര്‍ 13 നാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് തവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയായും ഒരു തവണ പ്രസിഡന്റായും പെരസ് പ്രവര്‍ത്തിച്ചു. 2007 മുതല്‍ 2014 വരെയാണ് അദ്ദേഹം പ്രസിഡന്റ് പദം അലങ്കരിച്ചത്. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും ജനകീയനായ നേതാക്കളില്‍ ഒരാളായിരുന്നു പെരസ്. 66 വര്‍ഷത്തെ രാഷ് ട്രീയജീവിതത്തിനിടയില് 12 കാബിനറ്റുകളില്‍ അദ്ദേഹം അംഗമായിരുന്നു.
ചരിത്രപ്രസിദ്ധമായ ഓസ് ലോ സമാധാന ഉടമ്പടിക്ക് പിന്നിലെ ചാലകശക്തികളില്‍ ഒരാളായിരുന്നു അന്ന് വിദേശകാര്യമന്ത്രിയായിരുന്ന ഷിമോണ്‍ പെരസ്. ഓസ്ലോ ഉടമ്പടിയാണ് ഫലത്തില്‍ 1994 ലില്‍ അദ്ദേഹത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്. അന്നത്തെ പ്രധാനമന്ത്രി യിസാക്ക് റബിന്, പലസ്തീന് നേതാവ് യാസര്‍ അരാഫത്ത് എന്നിവര്‍ക്കൊപ്പം ഷിമോണ്‍ പെരസ് നൊബേല്‍ സമ്മാനം പങ്കിടുകയായിരുന്നു.
2007 ല്‍ രാജ്യത്തിന്റെ പ്രസിഡന്റായി പെരസ് ചുമതലയേല്‍ക്കുമ്പോള്‍ ആ പദവിയിലെത്തുന്ന ആദ്യത്തെ മുന്‍ പ്രധാനമന്ത്രി കൂടിയായിരുന്നു അദ്ദേഹം. 1923 ല്‍ പോളണ്ടിലാണ് പെരസ് ജനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല