1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2016

അലക്‌സ് വര്‍ഗീസ്: ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സിലെ കത്തോലിക്കാ സഭയുടെ തലവനും വെസ്റ്റ് മിനിസ്റ്റര്‍ ആര്‍ച്ച് ബിഷപ്പുമായ കാര്‍ഡിനല്‍ വിന്‍സെന്റ് നിക്കോള്‍സിന്റെ പൈതൃകാശിര്‍വ്വാദം തേടി ഗ്രേറ്റ് ബ്രിട്ടന്റെ നിയുക്ത സീറോ മലബാര്‍ ഇടയന്‍ മാര്‍ സ്രാമ്പിക്കലെത്തി. ഉച്ചയോട് കൂടി വെസ്റ്റ് മിനിസ്റ്റര്‍ ആര്‍ച്ച് ബിഷപ്‌സ് ഹൗസിലെത്തിയ മാര്‍ സ്രാമ്പിക്കലിനെ കാര്‍ഡിനല്‍ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു. തുടര്‍ന്ന് വലിയ ഇടയന്റെ മുമ്പില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം മുട്ടുകുത്തിയ നിയുക്ത മെത്രാനെ കാര്‍ഡിനല്‍ അനുഗ്രഹിച്ചു ആശിര്‍വ്വദിച്ച് തന്റെ അഭിനന്ദനമറിയിച്ചു. മെത്രാഭിഷേക ചടങ്ങുകളില്‍ സംബന്ധിക്കുവാന്‍ സാധിക്കില്ലെങ്കിലും തന്റെ പ്രതിനിധി ചടങ്ങുകളില്‍ പങ്കെടുക്കുമെന്ന് കാര്‍ഡിനല്‍ മാര്‍ സ്രാമ്പിക്കലിനെ അറിയിച്ചു.

ഇന്നലെ രാവിലെ, ഇംഗ്ലണ്ടിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സഭൈക്യ പ്രവര്‍ത്തനങ്ങളുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ഫാ. മോണ്‍. മാര്‍ട്ടിന്‍ ഹെയ്‌സ് നിയുക്ത മെത്രാനെ സ്വീകരിച്ചു. തുടര്‍ന്ന് ബ്രെന്റ് വുഡ് രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഫാ. ജോസഫ് അന്തിയാംകുളം, ഫാ. മൗറിസ് ഗോര്‍ഡന്‍, ഫാ. നിക്‌സണ്‍ ഗോമസ് തുടങ്ങിയവരും, വാല്‍തംസ്‌റ്റോ, ഈസ്റ്റ്ഹാം, ചെംസ്‌ഫോര്‍ഡ്, കോള്‍ചെസ്റ്റര്‍, ക്‌ളോക്ക്റ്റണ്‍ സീ, ബാസില്‍ഡണ്‍, ഹോണ്‍ചര്‍ച്ച്, ഹൈവിക്കോസ്, ഹാര്‍ലോ എന്നിവടങ്ങളില്‍ വിശ്വാസി സമൂഹങ്ങളും തങ്ങളുടെ നിയുക്ത ഇടയനെ എതിരേറ്റു.

വൈകീട്ട് ഏഴു മണിക്ക് അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കു ചേര്‍ന്ന എല്ലാവരോടും നിയുക്ത മെത്രാന്‍ പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതശൈലിയും പ്രവര്‍ത്തനരീതികളും ഏറെ ഇഷ്ടപ്പെടുന്ന മാര്‍ സ്രാമ്പിക്കല്‍ തണ്ടര്‍ പ്രാരംഭ സന്ദര്‍ശനത്തില്‍ തന്നെ ആളുകളുടെ പ്രിയപ്പെട്ട പിതാവായി മാറിക്കഴിഞ്ഞു. മെത്രാന്മാര്‍ തങ്ങളെ അനുഗ്രഹിക്കുന്നതായി മാത്രം കണ്ട് ശീലിച്ചിട്ടുള്ള വിശ്വാസികള്‍ക്ക് തങ്ങളോട് പ്രാര്‍ത്ഥനയും അനുഗ്രഹവും ചോദിച്ചു വരുന്ന പിതാവിനെ എളിമയുടെയും സ്‌നേഹത്തിന്റെയും പ്രതീകമായി ഇപ്പോള്‍ തന്നെ മനസിലാക്കി കഴിഞ്ഞു.

മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യ ഔദ്യോഗിക ആശിര്‍വ്വാദം നല്‍കുന്നതിന് മുന്‍പായി ഫ്രാന്‍സിസ് മാര്‍പാപ്പയും വത്തിക്കാനില്‍ തടിച്ചു കൂടിയ ജനങ്ങളോട് തനിക്കു വേണ്ടി ഒരു നിമിഷം നിശബ്ദമായി പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. സ്രാമ്പിക്കല്‍ പിതാവിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ ഇംഗ്ലണ്ടില്‍ പുനര്‍ജനിക്കുന്ന അനുഭവം വിശ്വാസികള്‍ക്ക് കിട്ടിത്തുടങ്ങിയതായി നിയുക്ത ഇടയനെ സന്ദര്‍ശിച്ചവര്‍ പറഞ്ഞു.

അതേ സമയം മെത്രാഭിഷേകം നടക്കുന്ന പ്രെസ്റ്റന്‍ നോര്‍ത്ത് എന്‍ഡ് സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കുന്നതിന് ആവശ്യമായ എന്‍ട്രി പാസിന്റെ വിതരണോത്ഘാടനം, മെത്രാഭിഷേകത്തിന്റെ പ്രാദേശിക സംഘാടകനും ജോയിന്റ് കണ്‍വീനറുമായ ഫാ. മാത്യു ചൂരപ്പൊയ്കയില്‍ നിര്‍വ്വഹിച്ചു. തികച്ചും സൗജന്യമായി വിശ്വാസികള്‍ക്ക് നല്‍കുന്ന ഈ പാസ് സ്‌റ്റേഡിയത്തിലെ സുരക്ഷാസംവിധാനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളതാണ്. ഓരോ സ്ഥലത്തുള്ള വി. കുര്‍ബ്ബാന കേന്ദ്രങ്ങളിലെ വൈദികരില്‍ നിന്നുമാണ് വിശ്വാസികള്‍ക്ക് ഈ പാസ് ലഭിക്കുന്നത്. നാളെ ഈസ്റ്റ് ആംഗ്ലിയ രൂപതയില്‍ മാര്‍ സ്രാമ്പിക്കല്‍ സന്ദര്‍ശനം നടത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.