തമിഴിലെ പുതിയ താരോദയവും സൂര്യയുടെ സഹോദരനുമായ കാര്‍ത്തി വിവാഹിതനായി. കോയമ്പത്തൂര്‍ ഈറോഡ് സ്വദേശികളായ ചിന്നസ്വാമിയുടെയും ജ്യോതി മീനാക്ഷിയുടെയും മകള്‍ രഞ്ജിനിയാണ് വധു. ചൈന്നൈ സ്റ്റെല്ല മേരീസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ രഞ്ജിനിയെ കാര്‍ത്തിയുടെ മാതാപിതാക്കളാണ് മകന് വേണ്ടി കണ്ടെത്തുകയായിരുന്നു.
കോയമ്പത്തൂരിലെ കൊഡീസിയ സെന്ററില്‍ ഇന്ന് രാവിലെ 6.30നായിരുന്നു വിവാഹം. വെള്ള സില്‍ക്ക് ഷര്‍ട്ടും, അതേ നിറത്തിലുള്ള വേഷ്ടിയുമായിരുന്നു കാര്‍ത്തിയുടെ വേഷം. സ്വര്‍ണ നിറത്തിലുള്ള സാരിയാണ് രഞ്ജിനി അണിഞ്ഞിരുന്നത്.
ചടങ്ങിനെത്തിയവരെ സ്വീകരിക്കാന്‍ കാര്‍ത്തിയുടെ പിതാവ് ശിവകുമാറും, സഹോദരനും നടനുമായ സൂര്യ എന്നിവരും മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. സിനിമാ ടെലിവിഷന്‍ രംഗത്തുള്ള നിരവധി പേര് ചടങ്ങില്‍ സംബന്ധിച്ചു.
നടന് പ്രഭു, പൂര്‍ണിമ ഭാഗ്യരാജ്, കാര്‍ത്തിക്, ഭാര്യ സുചിത്ര, സംഗീത സംവിധായകന് ശങ്കര്‍ ഗണേഷ്, സംവിധായകരായ ബാല, കെ.എസ്.രവികുമാര്‍, ആര്.വി.ഉധയകുമാര് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പരുത്തിവീരനിലൂടെ അഭിനയരംഗത്തെത്തിയ കാര്‍ത്തി പയ്യയിലൂടെയാണ് പ്രേക്ഷകമനം കവര്‍ന്നത്. ഉച്ചയ്ക്കു ശേഷം ഏതാണ്ട് നാലായിരത്തോളം വരുന്ന ആരാധകര്‍ക്കായി പ്രത്യേകം വിരുന്ന് ഒരുക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല