സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് നടപടികള്‍ 2017 മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. ബ്രെക്സിറ്റ് സംബന്ധിച്ച ഏറെനാളത്തെ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ലിസ്ബന് കരാര്‍ പ്രകാരമുള്ള 50 ആം അനുഛേദം മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് മെയ് വ്യക്തമാക്കി. ബ്രെക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാകാന്‍ രണ്ടു വര്‍ഷമെടുക്കും
ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വാര്‍ഷികസമ്മേളനത്തിന് തൊട്ടുമുമ്പ് ബി.ബി.സി. ടെലിവിഷന്‍ അനുവദിച്ച അഭിമുഖത്തിലാണ് മെയുടെ വെളിപ്പെടുത്തല്‍. രണ്ടുവര്‍ഷം നീളുന്ന, യൂറോപ്യന്‍ യൂണിയനില്‍നിന്ന് പിന്മാറാനുള്ള നടപടിക്രമങ്ങള്‍ ജനവരിക്കുമുമ്പ് ആരംഭിക്കില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയായിരുന്നു ഇതുവരെ മെയ്.
പുതിയ പ്രഖ്യാപനം യൂറോപ്യന്‍ യൂണിയനുമായുള്ള കൂടിയാലോചനയ്ക്ക് സഹായകമാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. ഒപ്പംതന്നെ രാജ്യത്ത് അസ്ഥിരതവരുന്ന സാധ്യതയൊഴിവാക്കാനായി 2020 നുമുമ്പായി തിരഞ്ഞെടുപ്പ് നടത്താന്‍ ആലോചിക്കുന്നില്ലെന്നും മെയ് കൂട്ടിച്ചേര്‍ത്തു.
ഹിതപരിശോധനാഫലം ബ്രിട്ടനില്‍ ആഘോഷത്തോടെയാണ് സ്വീകരിക്കപ്പെട്ടതെങ്കിലും തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാറിനുമേല്‍ കനത്ത സമ്മര്‍ദമാണുള്ളത്.
കൂട്ടായ്മയില്‍നിന്ന് പിന്മാറുന്നതിലൂടെ കുടിയേറ്റത്തിലും വ്യാപാരബന്ധത്തിലും യാതൊരുവിധ പ്രത്യേക പരിഗണനകളും ഇനി ബ്രിട്ടനു ലഭിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന് മുന്നറിയിപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ രണ്ടാം ഹിതപരിശോധനക്കുള്ള സാധ്യത സര്‍ക്കാര്‍ തള്ളിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല