സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ രസതന്ത്ര നോബേല്‍ തന്മാത്രാ ഘടനയുടെ പഠനത്തിന് മൂന്നു ശാസ്ത്രജ്ഞര്‍ പങ്കിട്ടു. ഫ്രാന്‍സില്‍ നിന്നുള്ള ഴോണ്‍ പിയെ സുവാഷ്, അമേരിക്കയിലെ സര്‍ ജെ ഫ്രയ്‌സര്‍ സ്‌റ്റോഡര്‍ട്ട്, നെതര്‍ലാന്‍ഡ് സ്വദേശി ബെര്‍നാര്‍ഡ് എല്‍ ഫെറിങ്ഗ എന്നിവര്‍ക്കാണ് പുരസ്‌കാരം. ഊര്‍ജം കടത്തിവിട്ടാല്‍ പ്രവര്‍ത്തനക്ഷമമാകുന്ന നിയന്ത്രണ വിധേയമായ ചലനങ്ങളുള്ള തന്മാത്രകള്‍ വികസിപ്പിച്ചതാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. 72,7000 പൗണ്ടാണ് പുരസ്‌കാരത്തുക.
ലോകത്തെ ഏറ്റവും ചെറിയ യന്ത്രങ്ങളാണിവരുടെ സൃഷ്ടി. തലമുടി നാരിനേക്കാള്‍ ആയിരം മടങ്ങ് ചെറുതാണ് ഈ യന്ത്രങ്ങള്‍. വൈദ്യശാസ്ത്ര മേഖലയില്‍ ഏറെ സഹായകമാണ് ഇത്. കാന്‍സര്‍ അടക്കമുള്ള ചികിത്സകളില്‍ കോശങ്ങളിലേക്ക് നേരിട്ട് മരുന്ന് എത്തിക്കാനും ഇതുവഴി കഴിയും. ഒരു കുഞ്ഞ് ലിഫ്റ്റ്, കൃത്രിമ മാംസപേശി, ചെറിയ മോട്ടോര്‍ എന്നിവ കൊണ്ടാണ് ഇവര്‍ പരീക്ഷണം നടത്തിയത്.
യന്ത്രങ്ങളെ പരമാവധി ചെറുതാക്കി രസതന്ത്രത്തിന് പുതിയൊരു മാനം നല്‍കുകയാണ് ഇവര്‍ ചെയ്തതെന്ന് നൊബേല്‍ സമിതി വിലയിരുത്തി. സാങ്കേതിക വിദ്യയെ എത്രമാത്രം ചെറുതാക്കാം എന്നു തെളിയിക്കുന്നതിലാണ് ഇവര്‍ വിജയിച്ചത്.
1944 ല്‍ പാരീസില്‍ ജനിച്ച ഴോണ്‍ പിയെ ഫ്രഞ്ച് നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ച്, സ്ട്രാസ്ബര്‍ഗ് എന്നിവിടങ്ങളിലാണ് സേവനം അനുഷ്ഠിച്ചത്. സര്‍ ഫ്രയ്‌സര്‍ 1942 ല്‍ യു.കെയിലെ എഡിന്‍ബര്‍ഗില്‍ ജനിച്ചു. നിലവില്‍ യു.എസിലെ നോര്‍ത്ത്‌വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറാണ്. 1951 ല്‍ നെതര്‍ലാന്‍ഡ്‌സില്‍ ജനിച്ച ബെര്‍നാര്‍ഡ് ഗ്രോനിങ്ന്‍ യൂണിവേഴ്‌സിറ്റിയില്‍ ഓര്‍ഗാനിക് കെമിസ്ട്രിയില്‍ പ്രൊഫസറാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല