സ്വന്തം ലേഖകന്‍: ഇസ്രായേലിന്റെ ഗസ ഉപരോധം മറികടക്കാന്‍ ശ്രമിച്ച വനിതകളുടെ സംഘം പിടിയില്‍. 13 പേരടങ്ങുന്ന സന്നദ്ധസംഘം സഞ്ചരിച്ച ബോട്ട് ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ നാവികസേന തടഞ്ഞെങ്കിലും ഇവര്‍ പിന്‍വാങ്ങാന്‍ കൂട്ടാക്കിയില്ല. സംഘത്തിലെ മാധ്യമപ്രവര്‍ത്തകരായ രണ്ടുപേരെ എയര്‍പോര്‍ട്ടിലെ ജയിലിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ളവരെ മധ്യ ഇസ്രായേലിലെ ‘ഗിവോണ്‍’ ജയിലില്‍ നാലു ദിവസത്തേക്ക് തടവിലിട്ടിരിക്കുകയാണ്. 1976 ല്‍ സമാധാന നൊബേല്‍ കരസ്ഥമാക്കിയ മെയ്‌റഡ് മാഗ്വിര്‍ അടക്കമുള്ളവര്‍ ഈ സംഘത്തിലുണ്ട്.
ഗസ്സ തീരത്തുനിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ഇവര്‍ സഞ്ചരിച്ച സൈതൂന ഒലിവ എന്ന ബോട്ട് ഇസ്രായേല്‍ സേന തടഞ്ഞത്. ‘നിയമാനുസൃതമായ കടല്‍ ഉപരോധം’ മറികടക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സെപ്റ്റംബറില്‍ ആണ് സൈതൂന ഒലിവിയ ബാഴ്‌സലോണ തുറമുഖത്തുനിന്ന് പുറപ്പെട്ടത്.
ഗസയിലേക്ക് സഹായമത്തെിക്കുന്ന മനുഷ്യാവകാശ ദൗത്യമായ ‘ഫ്രീഡം ഫ്‌ളോട്ടില്ല’ യുടെ ഭാഗമാണ് യാത്ര. ന്യൂസിലാന്‍ഡ് അഭിഭാഷക മരാമ ഡേവിസണ്‍, അള്‍ജീരിയന്‍ എം.പി സാമിറ ദയൂഫിയ, സ്വീഡിഷ് രാഷ്ട്രീയ നേതാവ് ജെന്നത്ത് എസ്‌കാനില്ല, മുന്‍ യു.എസ് സൈനിക കേണലും സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഉദ്യോഗസ്ഥയുമായ ആന്‍ റൈറ്റ് എന്നിവരാണ് തടവിലായ മറ്റു വനിതകള്‍. ആസ്‌ട്രേലിയ, മലേഷ്യ, നോര്‍വേ, റഷ്യ, സ്‌പെയിന്‍, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ബോട്ടിലുണ്ട്.
എല്ലാവരും നിരാശരാണെന്നും ഗസക്കാര്‍ കാത്തിരിക്കുകയാണെന്നും മുന്നോട്ടുതന്നെ പോവുമെന്നും ഫ്‌ളോട്ടില്ല മൂവ്‌മെന്റിന്റെ വക്താവ് ക്‌ളോഡ് ലിയോസ്റ്റിക് പ്രതികരിച്ചു. തടവിലായവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും 2011 ല്‍ താന്‍ സ്വയം അറസ്റ്റ് വരിച്ചപ്പോഴും തടവറയിലേക്ക് മാറ്റി രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്തുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല