സ്വന്തം ലേഖകന്‍: ഹെയ്തിയില്‍ 842 ജീവന് കവര്‍ന്ന മാത്യു കൊടുങ്കാറ്റ് അമേരിക്കന്‍ തീരത്തെത്തി. കരീബിയന്‍ രാജ്യങ്ങളായ ഹെയ്തി, ജമൈക്ക, ഡോമിനിക്കന്‍ റിപ്പബ്ളിക്ക്,ബഹാമാസ് എന്നിവിടങ്ങളില്‍ കനത്തനാശം വിതച്ച മാത്യു കൊടുങ്കാറ്റ് ഹെയ്തിയില്‍ മാത്രം 842 പേരെ കൊന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യുഎസില്‍ ഫ്ളോറിഡയുടെ അറ്റ്ലാന്റിക് തീരത്ത് കനത്തമഴയും കാറ്റുമുണ്ടായി. കാറ്റിന്റെ വേഗം മണിക്കൂറില്‍ 125 കിലോമീറ്ററാണ് ഫ്ളോറിഡയിലെ സെന്റ് ലൂയി കൗണ്ടിയില്‍ 55 വയസുള്ള സ്ത്രീ കൊല്ലപ്പെട്ടു. മാത്യു കൊടുങ്കാറ്റിനെത്തുടര്‍ന്ന് അമേരിക്കയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ആദ്യത്തെ മരണമാണിത്.
ആറുലക്ഷത്തോളം വീടുകളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. കാറ്റിന്റെ ശക്തി അല്പം കുറഞ്ഞെങ്കിലും അപകടം ഒഴിവായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. കെന്നഡി സ്പേസ് സെന്ററിനു കൊടുങ്കാറ്റില്‍ ചെറിയ നാശനഷ്ടം സംഭവിച്ചെന്നു നാസാ അറിയിച്ചു.ഒരു ഓഫീസ് കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു.
പാര്‍ക്കു ചെയ്തിരുന്ന ഏതാനും കാറുകളും തകര്‍ന്നു. ഫ്ളോറിഡയിലെ ജാക്സണ്‍വില്ലില്‍ പ്രളയത്തിനു സാധ്യതയുണ്ടെന്നു ഗവര്‍ണര്‍ റിക് സ്കോട്ട് മുന്നറിയിപ്പു നല്കി. കൊടുങ്കാറ്റു വരുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നു നിരവധി പേര് സുരക്ഷിത മേഖലയിലേക്ക് ഒഴിഞ്ഞുപോയിരുന്നു.ഫ്ളോറിഡ, സൗത്ത് കരോളൈന, ജോര്‍ജിയ, നോര്‍ത്ത് കരോളൈന എന്നിവിടങ്ങളില്‍ അതാതു സംസ്ഥാന ഗവര്‍ണര്‍മാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഫ്ളോറിഡ, സൗത്ത് കരോളൈന, ജോര്‍ജിയ എന്നിവിടങ്ങളില്‍ പ്രസിഡന്റ് ഒബാമയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫെഡറല്‍ ഏജന്‍സികള്‍ക്കു ദുരിതസഹായ വിതരണം ഏകോപിപ്പിക്കാന്‍ ഇതുമൂലം സാധിക്കും. മിക്കവാറും സ്ഥലങ്ങളില്‍ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഒഴിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല