സ്വന്തം ലേഖകന്‍: സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മാപ്പു പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന സംഭാഷണം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്നായിരുന്നു റിപബ്ലിക്കനായ ട്രംപിന്റെ വാക്കുകള്‍. ‘ചെയ്ത തെറ്റിന് ഖേദം പ്രകടിപ്പിക്കുന്നു. പരിശുദ്ധനാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. തെറ്റുപറ്റാത്ത പൂര്‍ണതയുള്ള ആളാണ് താനെന്ന് പറയില്ല. എന്നാല്‍, പൂര്‍ണനാണെന്ന് നടിക്കാറുമില്ല. വാക്കിലും പ്രവൃത്തിയിലും തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അതില്‍ പശ്ചാത്തപിച്ചിട്ടുണ്ട്’ ട്രംപ് വ്യക്തമാക്കി. നിങ്ങള്‍ പ്രശസ്തനാണെങ്കില് സ്ത്രീകളെ എന്തും ചെയ്യാമെന്നായിരുന്നു 2005ല്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ ട്രംപ് തട്ടിവിട്ടത്.
പ്രശസ്തനായിരുന്നതിനാല് നിരവധി സ്ത്രീകളെ ചുംബിച്ചെന്നും ലൈംഗികബന്ധത്തിനു ശ്രമിച്ചെന്നും ട്രംപ് പറയുകയുണ്ടായി. ട്രംപിന്റെ വിവാദപരാമര്ശങ്ങളടങ്ങുന്ന വീഡിയോ വാഷിങ്ടണ്‍ പോസ്റ്റാണ് പുറത്തുവിട്ടത്. വിവാഹിതയായ സ്ത്രീയോട് മോശം പരാമര്‍ശം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ടവയില്പ്പെടും.
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായി ട്രംപ് സ്ത്രീയെ പ്രലോഭിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ 2005ല്‍ റെക്കോര്‍ഡ് ചെയ്ത വിഡിയോയിലുണ്ടെന്ന് പത്രം വ്യക്തമാക്കുന്നു. തന്നെ സ്ത്രീ ചുംബിക്കുന്നതിനായി ട്രംപ് ആത്മപ്രശംസ നടത്തുന്നതും പ്രശസ്തനായതിനാല്‍ ആലിംഗനം ചെയ്യണമെന്ന് ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.
സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുന്ന ആളാണ് ട്രംപ് എന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നെങ്കിലും വീഡിയോ കൂടി പുറത്തുവന്നതോടെ ട്രംപിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കിയ റിപ്പബ്ളിക്കന്‍ പാര്‍ട്ടി വെട്ടിലായി. സ്ത്രീകള്‍ക്കെതിരെ ട്രംപിന്റെ മോശം പരാമര്‍ശം നീതീകരിക്കാനാവാത്തതാണെന്ന് ചില റിപ്പബ്ളിക്കന്‍ അംഗങ്ങള്‍ കുറ്റപ്പെടുത്തി.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ എതിരാളി ഹിലരി ക്ളിന്റനും രംഗത്തത്തെി. ശബ്ദരേഖയിലെ പരാമര്‍ശങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്ന് വിശേഷിപ്പിച്ച ഹിലരി ഇത്തരമൊരാളെ അമേരിക്കയുടെ പ്രസിഡന്റാകാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തു. സൗന്ദര്യമത്സരങ്ങളോടും സുന്ദരികളോടും ഭ്രാന്തുള്ള ട്രംപ് ലാറ്റിനമേരിക്കന്‍ വംശജയും മുന്‍ ലോകസുന്ദരിയുമായ അലിസിയ മഷാഡോയെ അപമാനിച്ചെന്ന ഹിലരിയുടെ ആരോപണം വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല