സ്വന്തം ലേഖകന്‍: സുഗന്ധ ഗവേഷക മോണിക ഗുര്‍ഡയുടെ കൊലപാതകം, ഒരാള്‍ അറസ്റ്റില്‍. ബംഗളുരുവില്‍ നിന്ന് പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റിലായതായി ഗോവ ഡി.ജി.പി മുക്തേഷ് ചന്ദര്‍ സ്ഥിരീകരിച്ചു. അതേസമയം ഇയാളുടെ പേരോ മറ്റ് വിശദാംശങ്ങളോ പോലീസ് പുറത്ത് വിട്ടിട്ടില്ല.
മോണിക്കയുടെ കൊലപാതകികളെന്ന് സംശയിക്കുന്ന രണ്ട് യുവാക്കളുടെ ദൃശ്യങ്ങള്‍ ഗോവയിലെയും ബംഗളുരുവിലെയും എ.ടി.എം ക്യാമറകളില്‍ പതിഞ്ഞിരുന്നു. കൊലപാതകികളെന്ന് സംശയിക്കുന്ന യുവാക്കള്‍ മോണിക്കയുടെ എ.ടി.എം കാര്‍ഡ് ഉപയോഗിക്കുന്നതിന്റെ ദൃശ്യമാണ് പോലീസിന് ലഭിച്ചത്. തുടര്‍ന്ന് ദൃശ്യങ്ങളിലുള്ള യുവാക്കളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രിയാണ് മോണിക്കയെ ഗോവയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പൂര്‍ണ നഗ്നമായ മൃതദേഹത്തിന്റെ കയ്യും കാലും കെട്ടിയ നിലയിലായിരുന്നു. മോണിക്കയുടെ മൃതദേഹം കണ്ടെത്തിയ വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അടുത്തുള്ള എ.ടി.എമ്മിലാണ് മോണിക്കയുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് രണ്ട് പേര് പണം പിന്‍വലിച്ചത്. ഇതേ കാര്‍ഡ് ഉപയോഗിച്ച് ബംഗളുരുവില്‍ നിന്നും പണം പിന്‍വലിച്ചിട്ടുണ്ട്.
അതേസമയം ശ്വാസം മുട്ടിയാണ് മോണിക്ക മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. അവരുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റതിന്റെ പാടുണ്ട്. എന്നാല്‍ ലൈംഗിക പീഡനം നടന്നിട്ടുണ്ടോ എന്ന് ഫോറന്‍സിക് വിദഗ്ധര്‍ സ്ഥിരീകരിച്ചിട്ടില്ല. മോണിക്കയെ പരിചയമുള്ളവര്‍ തന്നെയാകാം കൊലപാതകത്തിന് പിന്നിലെന്നും സംശയിക്കുന്നു. മോണിക്കയുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും അയല്‍വാസികളുടെയും മൊഴി പോലീസ് ശേഖരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല