എ. പി. രാധാകൃഷ്ണന്‍: വിദ്യ വിലാസിനിയായ സരസ്വതിദേവിയുടെ കടാക്ഷം നുകര്‍ന്ന് അറിവിന്റെ ഹരിശ്രീ കുറിക്കുവാന്‍ നാടിന്റെ നാനാഭാഗത്തു നിന്നും വന്ന കുരുന്നുകള്‍ക്ക് വിദ്യാരംഭത്തിന്റെ പൂര്‍ണത. ഇന്നലെ തോണ്ടാന്‍ ഹീത്ത് ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദി നടത്തിയ വിദ്യാരംഭം ചടങ്ങുകള്‍ ഭക്തി നിര്‍ഭരമായി. ക്ഷേത്രത്തില്‍ പ്രത്യേകം തയാറാക്കിയ സരസ്വതി മണ്ഡപത്തില്‍ ശ്രേയസ്, നാരായണന്‍, അല്‍ക്ക, അക്ഷര, അഞ്ജലി എന്നീ അഞ്ചു കുട്ടികളാണ് ഇന്നലെ വിദ്യാരംഭം കുറിച്ചത്. ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി വിദ്യാരംഭം നടത്തുന്നത്. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ദീപാവലി ആഘോഷങ്ങള്‍ ഈ മാസം 29 നു ദീപാവലി ദിവസം നടക്കും.
രാവിലെ ഉഷ പൂജക്ക് ശേഷം 10:20 ഓടെ വിദ്യാരംഭം ചടങ്ങുകള്‍ തുടക്കം കുറിച്ച്, ആദ്യമായി റിച്ച്മാന്‍ഡില്‍ നിന്നും വന്ന മനോജ്, നീന ദമ്പതികളുടെ മകന്‍ ശ്രേയസ് അറിവിന്റെ ഹരിശ്രീ കുറിച്ചു, തുടര്‍ന്ന്, ബ്രോംലിയില്‍ നിന്നും വന്ന സജീവ്, ലക്ഷ്മി ദമ്പതികളുടെ മകള്‍ അക്ഷര, ഹോണ്‍സ്‌ലോയില്‍ നിന്നും എത്തിയ അജിത്കുമാര്‍, സതി ദമ്പതികളുടെ മകന്‍ നാരായണന്‍, പോര്ടസ്മൗത്തിനു സമീപമുള്ള ഹസ്‌ലിമേറെയില്‍ നിന്നും വന്ന ലിനേഷ്, അനു ദമ്പതികളുടെ മകള്‍ അല്‍ക്ക, പീറ്റര്‍ബറോയില്‍ നിന്നും എത്തിച്ചേര്‍ന്ന കലരാജ്, ബിന്ദു ദമ്പതികളുടെ മകള്‍ അഞ്ജലി എന്നിവരാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ എഴുത്തിനിരുത്തല്‍ ചടങ്ങിനായി എത്തിച്ചേര്‍ന്നത്. ദേശത്തിന്റെ നാനാഭാഗത്തുനിന്നും എത്തിച്ചേര്‍ന്ന ഭക്തര്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദി എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് അഭിപ്രായപ്പെട്ടു. പ്രവര്‍ത്തിദിനമായിരുന്നിട്ടുകൂടി ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ സത്‌സംഗത്തില്‍ പങ്കെടുക്കുന്നവരും അഭ്യുദയ കാംക്ഷികളും ചടങ്ങിന് എത്തിച്ചേര്‍ന്നത് പ്രത്യേകം ശ്രദ്ധേയമായി. വിദ്യാരംഭം കുറിച്ച എല്ലാ കുട്ടികള്‍ക്കും ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാന്‍ ശ്രീ തെക്കുമുറി ഹരിദാസ്, ശ്രീഗുരുവായൂരപ്പനെയും വിഘ്‌നേശ്വരനെയും ആലേഖനം ചെയ്ത പതക്കം പ്രസാദമായി നല്‍കി. സര്‍വ്വശ്രീ മുരളി അയ്യര്‍ പൂജകള്‍ക്ക് നേതൃത്വം നല്‍കി. വിപുലമായ അന്നദാനവും ചടങ്ങിനോടനുബന്ധിച്ചു തയാറാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല