സ്വന്തം ലേഖകന്‍: ബാറ്ററി തീപിടിച്ച് പൊട്ടിത്തെറിക്കുന്ന ഗ്യാലക്‌സി നോട്ട് 7 സ്മാര്‍ട്ട് ഫോണുകളുടെ നിര്‍മ്മാണം സാംസങ് നിര്‍ത്തുന്നു. നേരത്തെ ഈ മോഡല്‍ പരാതിയെ തുടര്‍ന്ന് വിപണിയില്‍ നിന്ന് സാംസങ് പിന്‍വലിച്ചിരുന്നു. തിങ്കളാഴ്ച യു.എസിലെയും ആസ്‌ട്രേലിയയിലെയും കമ്പനിയുടെ വിഭാഗങ്ങള്‍ ഫോണ്‍ വില്‍ക്കുന്നതും മാറ്റി നല്‍കുന്നതും നിര്‍ത്തി വെച്ചിരുന്നു.
ഫോണിനെ കുറിച്ചുള്ള പരാതികള്‍ സംബന്ധിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സുരക്ഷ മുന്നില്‍കണ്ട് ഗ്യാലക്‌സി നോട്ട് 7 ഉപയോഗിക്കുന്നത് നിര്‍ത്താനും കഴിഞ്ഞ ദിവസം കമ്പനി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു.
2016 ആഗസ്റ്റില്‍ വിപണിയിലിറക്കിയ നോട്ട് 7 തീപിടിക്കുന്നെന്നും പൊട്ടിത്തെറിക്കുന്നെന്നുമുള്ള പരാതിയെ തുടര്‍ന്നാണ് കമ്പനി അധികൃതര്‍ ഫോണ്‍ വിപണിയില്‍ നിന്ന് തിരിച്ച് വിളിച്ചത്. 25 ലക്ഷം നോട്ട് 7 സ്മാര്‍ട്ട്‌ഫോണ്‍ തിരിച്ചു വിളിച്ചെങ്കിലും മാറ്റി നല്‍കിയ ഫോണിനും തീപിടിക്കുന്നെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വില്‍പന അവസാനിപ്പിക്കുന്നതിലേക്ക് സാംസങ് നീങ്ങുന്നത്.
കമ്പനി മാറ്റി നല്‍കിയ ഫോണില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് സൗത്‌വെസ്റ്റ് എയര്‍ലൈന്‍ വിമാനത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. നേരത്തെ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ നോട്ട് 7 ഉപയോഗിക്കരുതെന്ന് വിമാനക്കമ്പനികള്‍ നിര്‍ദ്ദേശിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല