സ്വന്തം ലേഖകന്‍: പ്രിയദര്‍ശനും ഓണസദ്യ വിവാദവും, വിശദീകരണവുമായി സഹായി ഷാനവാസ്. മുന്‍ ഭാര്യ ലിസിയുമായി പിരിഞ്ഞതിനുശേഷം തിരുവോണ ദിവസം വളര്‍ത്തുനായ തിയോയ്‌ക്കൊപ്പമാണ് ഓണസദ്യ കഴിച്ചതെന്ന പ്രിയദര്‍ശന്റെ വാക്കുകള്‍ വിവാദമായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി സഹായി ഷാനവാസ് രംഗത്തെത്തിയത്.
ഒരു ഓണപ്പതിപ്പില്‍ പ്രിയദര്‍ശന്‍ നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ പ്രമുഖ പത്രത്തിന്റെ വാചകമേളയില്‍ വന്നിരുന്നു. തുടര്‍ന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രിയദര്‍ശനെതിരെ പൊങ്കാല ആരംഭിച്ചത്. സഹായി ഷാനവാസിനെ കൂടെയിരുത്താതെ പ്രിയദര്‍ശന്‍ പട്ടിയെ കൂടെയിരുത്തിയത് അദ്ദേഹത്തിന്റെ മുസ്‌ലിം വിരുദ്ധതയും സങ്കുചിത മനസ്സും കാരണമാണ് എന്നായിരുന്നു വിമര്‍ശനങ്ങള്‍.
എന്നാല്‍ താന്‍ ഞാന്‍ മുസ്ലീം ആണെങ്കിലും ജാതിയോ മതമോ നോക്കിയല്ല കാര്യങ്ങള്‍ കാണുന്നതെന്നും അക്കാര്യത്തിലും തനിയ്ക്ക് മാതൃക പ്രിയന്‍ സാറാണ് എന്നുമാണ് ഷാനവാസ് പറഞ്ഞത്. താന്‍ മുസ്ലിമും അദ്ദേഹം ഹിന്ദുവും ആയി ജനിച്ചതുകൊണ്ട് ഏത് കാര്യത്തിലും ജാതിയും മതവും നോക്കി വിവാദമുണ്ടാക്കുന്നത് എന്തിനാണെന്നും ഷാനവാസ് ചോദിക്കുന്നു.
പേഴ്‌സണല്‍ അസിസ്റ്റന്റ് എന്നതിനെക്കാള്‍ ഒരു മകനെ പോലെയോ സഹോദരനെ പോലെയോ ആണ് പ്രിയന്‍ തന്നെ കാണുന്നതെന്നും ഷാനവാസ് പറയുന്നു.തനിയ്ക്ക് മുന്‍പ് സഹായിയായിരുന്ന ഹമീദ് എന്നൊരാള്‍ രണ്ട് വര്‍ഷം മുമ്പ് മരിയ്ക്കുന്ന കാലംവരെ പ്രിയനോപ്പം ഉണ്ടായിരുന്നെന്നും ഷാനവാസ് വ്യക്തമാക്കി. പ്രിയന്‍ സാര്‍ എപ്പോഴാണ് സിനിമയില്‍ നിന്ന് പിന്‍വാങ്ങുന്നത് അന്ന് താനും സിനിമ നിര്‍ത്തും,കാരണം അദ്ദേഹമാണ് തനിക്ക് സിനിമ എന്നും ഷാനവാസ് പ്രതികരിച്ചു.
തനിയ്‌ക്കൊപ്പമുള്ള ഫോട്ടോ ഓണപ്പതിപ്പില്‍ വേണമെന്ന് പ്രിയന്‍സാര്‍ പറഞ്ഞപ്പോള്‍ തന്റെ താല്‍പ്പര്യമില്ലായ്മ കാരണമാണ് ഒഴിവാക്കിയത് എന്ന് ഷാനവാസ് വ്യക്തമാക്കി. അങ്ങനെയാണ് ഷാനവാസിന്റെ സാന്നിധ്യം എവിടെയെങ്കിലും വരണമെന്ന ആഗ്രഹത്താല്‍ ഷാനവാസ് സദ്യ വിളമ്പിയ കാര്യം പ്രിയദര്‍ശന്‍ പറഞ്ഞതെന്ന് ഷാനവാസ് പറയുന്നു.
തന്നോടുള്ള അടുപ്പം മൂലം തന്നെ എവിടേലും ഉള്‍ക്കൊള്ളിക്കണമെന്നാണ് ആ മനുഷ്യന്‍ ആഗ്രഹിച്ചത്. പ്രിയന്‍ സാര്‍ പറഞ്ഞ നല്ല ഒരു കാര്യം ഇത്ര വലിയ ദ്രോഹം അദ്ദേഹത്തിനുണ്ടാക്കുമെന്ന് താന്‍ കരുതിയിരുന്നില്ല എന്നും ഷാനവാസ് വ്യക്തമാക്കി. പത്തു വര്‍ഷമായി പ്രിയദര്‍ശന്റെ സഹായിയാണ്ഷാനവാസ്.സിനിമയോടുള്ള താല്പര്യം കൊണ്ട് വന്ന ഷാനവാസ് ഒടുവില്‍ പ്രിയന്റെ ഒപ്പം കൂടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല