സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭയുടെ പുതിയ സെക്രട്ടറി ജനറലായി പോര്‍ച്ചുഗീസ് മുന്‍ പ്രധാനമന്ത്രി അന്റോണിയോ ഗുട്ടെറസിനെ വ്യാഴാഴ്ച പ്രഖ്യാപിക്കും. അദ്ദേഹത്തിന്റെ നിയമനം ഇന്നു ചേരുന്ന യുഎന്‍ പൊതുസഭ അംഗീകരിക്കും. പത്തുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി സെക്രട്ടറി ബാന്‍ കി മൂണ്‍ ഡിസംബര്‍ 31 നാണ് സ്ഥാനമൊഴിയുക.
ജനുവരി ഒന്നിന് ഗുട്ടെറസ് സ്ഥാനമേല്‍ക്കും. 2022 ഡിസംബര്‍ 31 വരെയാണ് ഗുട്ടെറസിന്റെ കാലാവധി. 1995 മുതല്‍ 2002 വരെ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന ഗുട്ടെറസ് പിന്നീട് അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ചു. 67കാരനായ ഗുട്ടെറസിന് പോര്‍ച്ചുഗീസ്, സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ പ്രാവീണ്യമുണ്ട്.
ആഗോള ദേശരാഷ്ട്ര തര്‍ക്കങ്ങളില്‍ എന്നും സമാധാനത്തിന്റേയും സമവായത്തിന്റേയും വഴിതേടിയ അന്റോണിയോ ഗുട്ടറെസ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടൊപ്പം എക്കാലവും പക്ഷം ചേര്‍ന്ന ലോകനേതാവാണ്. ഐക്യരാഷ്ട്രസഭയുടെ ഒമ്പതാമത്തെ സെക്രട്ടറി ജനറലായാണ് അന്റോണിയോ ഗുട്ടറെസ സ്ഥാനമേല്‍ക്കുന്നത്.
പടിഞ്ഞാറന്‍ തിമൂറിന്റെയും മക്കാവു ദ്വീപിന്റേയും കോളനിവാഴ്ചയില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനായുള്ള ശ്രമങ്ങള്‍ മുതല്‍ യൂറോപ്പ് നിലവില്‍ നേരിടുന്ന അഭയാര്‍ത്ഥി പ്രശ്‌നം നേരിടുന്നതു വരെയുള്ള വിഷയങ്ങളില്‍ പോര്‍ച്ചുഗലിന്റെ ഈ മുന്‍ സോഷ്യലിസ്റ്റ് പ്രധാനമന്ത്രി വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല