സ്വന്തം ലേഖകന്‍: പാരീസില്‍ വീണ്ടും പകല്‍ക്കൊള്ള, തായ്വാന് കോടീശ്വരിയുടെ ഒരു കോടിയോളം വിലയുള്ള ആഭരണങ്ങള്‍ കവര്‍ന്നു. പ്രശസ്ത മോഡല്‍ കിം കര്ദാഷിയന് പട്ടാപ്പകല്‍ കൊള്ളയടിക്കപ്പെട്ടതിന് തൊട്ടു പിറകെയാണ് പാരിസില്‍ തായ്വാന് കോടീശ്വരിക്കും ഇതേ അനുഭവം.
ഫ്രാന്‍സിലെ പ്രമുഖ ഫാഷന്‍ കമ്പനിയായ ലാന്വിന്റെ പ്രധാന ഓഹരി പങ്കാളി ഷോ ലാങ് വാങ് ആണ് കൊള്ളയടിക്കപ്പെട്ടത്. 1,47,05,779 രൂപയുടെ ആഭരണങ്ങളാണ് ഇവരുടെ വീട്ടില്‍ നിന്നും മോഷ്ടിച്ചത്. തായ്വാനീസ് പത്രമായ യുനൈറ്റഡ് ഡെയ്ലി ന്യൂസിന്റെ ഡയറക്ടര്‍ കൂടിയായ വാങിന്റെ വീട് പാരീസിലെ ചിക്കിലാണ്.
ഉച്ച സമയത്താണ് മോഷ്ടാക്കള്‍ കാര്യം സാധിച്ചതെന്നാണ് അനുമാനം. അമേരിക്കന്‍ മോഡലും റിയാലിറ്റിതാരവുമായ കിം കര്‍ദാഷിയന്റെ ആഭരണങ്ങള്‍ മോഷണം പോയ സ്ഥലത്തിന് സമീപമാണ് വാങിന്റെ താമസസ്ഥലമെങ്കിലും രണ്ടു സംഭവങ്ങള്‍ക്കും തമ്മില്‍ ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പാര്‍ട്ട്മെന്റിന്റെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. ഉറങ്ങിക്കിടന്ന വാങിന്റെ മോതിരവും മോഷ്ടാക്കള്‍ ഊരിയെടുത്തെങ്കിലും ദേഹോപദ്രവം ഏല്‍പ്പിച്ചില്ല. വിലകൂടിയ മറ്റുവസ്തുക്കളും ടെലിഫോണുകളും കൊള്ളയടിച്ചതില്‍ പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല