സ്വന്തം ലേഖകന്‍: വെഡിംഗ് ഓണ്‍ വീല്‍സുമായി ഇന്ത്യന്‍ റയില്‍വേ, തീവണ്ടിയില്‍ വിവാഹവും ഒരാഴ്ചത്തെ ഹണിമൂണും ചേര്‍ന്ന പദ്ധതി വരുന്നു. റയില്‍വേയുടെ ആഡംബര ട്രെയിനായ മഹാരാജാസ് എക്പ്രസിലാണ് വെഡ്ഡിങ് ഓണ്‍ വീല്‍സിന് റെയില്‍വേ സംവിധാനം ഒരുക്കുന്നത്.
ട്രെയിനിലെ കല്ല്യാണത്തിന് അഞ്ചരക്കോടിയോളം രൂപയാണ് ചെലവുവരിക. വിവാഹത്തിനൊപ്പം ഒരാഴ്ച നീളുന്ന യാത്രയും റെയില്‍വേ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇന്ത്യയിലെ തെരഞ്ഞെടുത്ത ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കൂട്ടിയിണക്കി ആയിരിക്കും ട്രെയിനിലെ ഹണിമൂണ്‍ പാക്കേജ്. താമസത്തിനൊപ്പം ഭക്ഷണവും റെയില്‍വേ നല്‍കും.
വിവാഹത്തിലും അനുബന്ധ യാത്രയിലും പങ്കെടുക്കാന്‍ 88 പേര്‍ക്കാണ് അവസരം ലഭിക്കുക. വിവാഹത്തലേന്ന് ആരംഭിക്കുന്ന യാത്ര എട്ടാംനാള്‍ രാവിലെ അവസാനിക്കും.ഇന്ത്യന്‍ പനോരമ എന്ന് പേരിട്ടിരിക്കുന്ന യാത്ര ഡല്‍ഹിയില്‍ നിന്നും ആരംഭിച്ച് ജയ്പൂര്‍, ആഗ്ര, ഗ്വളിയര്‍, ഖജുരാഹോ, വാരാണസി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ലക്നോവില്‍ അവസാനിക്കും.
24 കോച്ചുകളാണ് മഹാരാജാസ് എക്സ്പ്രസില്‍ ഉണ്ടാകുക. ഇതില്‍ 43 ഗസ്റ്റ് കാബിനുകള്‍, 20 ഡീലക്സ് കാബിസുകള്, 18 ജൂനിയര്‍ സ്യൂട്ടുകള്‍, ഒരു പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല