സ്വന്തം ലേഖകന്‍: ബിജെപിയുടെ സംസ്ഥാന ഹര്‍ത്താല്‍ ആക്രമാസക്തം, കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനെതിരെ #കത്തിതാഴെഇടടാ ഹാഷ്ടാഗ് പ്രതിഷേധവുമായി സമൂഹ മാധ്യമങ്ങള്‍. രാഷ്ട്രീയ കൊലപാതകത്തിനെതിരെയാണ് സമൂഹ മാധ്യമങ്ങളില്‍ ഹാഷ്ടാഗ് പ്രതിഷേധം കത്തുന്നത്.
#കത്തിതാഴെഇടടാ എന്ന ഹാഷ്ടാഗ് പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. കൊലപാതകങ്ങള്‍ക്കെതിരായ സ്റ്റാറ്റസിനൊപ്പമാണ് കത്തിതാഴെഇടടാ എന്ന ഹാഷ്ടാഗ്. മലയാളികളുടെ ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ് ആയിട്ടുണ്ട്.
രാഷ്ട്രീയ പകപോക്കലിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ഇരു പാര്‍ട്ടികളും തയ്യാറാകണമെന്നാണ് പ്രതിഷേധ പോസ്റ്റുകളിലെ സന്ദേശം. രാഷ്ട്രീയത്തിന് വേണ്ടി കൊല്ലും കൊലയും നടത്തുന്നവര്‍ സ്വന്തം കുടുംബത്തിന് മാത്രമാണ് നഷ്ടമെന്ന് തിരിച്ചറിയണമെന്നും സമൂഹ മാധ്യമങ്ങള്‍ പറയുന്നു.
കത്തി താഴെ ഇടടാ എന്നത് കിരീടം എന്ന ചിത്രത്തിലെ പ്രശസ്തമായ ഡയലോഗാണ്. മോഹന്‍ലാലിന്റെ കഥാപാത്രത്തോട് തിലകന് പറയുന്നതാണ് ഈ സംഭാഷണം. അതിനിടെ സംസ്ഥാനത്ത് ഹര്‍ത്താലിന്റെ ഭാഗമായി വ്യാഴാഴ്ച ബിജെപി നടത്തിയ പ്രകടനങ്ങള്‍ മിക്ക സ്ഥലങ്ങളിലും ആക്രമാസക്തമായി.
ഒറ്റപ്പാലത്ത് ഹര്‍ത്താലിനിടെ ഉണ്ടായ അക്രമത്തില്‍ പരിക്കേറ്റ പ്രദേശിക ചാനല്‍ പ്രവര്ത്തകന് കേള്‍വിശക്തി നഷ്ടമായി. തൃപ്പൂണിത്തറയില്‍ പരിശീലനത്തിനായി പോകുകയായിരുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന്റെ ബസ് ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. കോട്ടയത്ത് സിപിഎമ്മിന്റെ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ പോലീസ് വലയം ഭേദിച്ച് സിപിഎമ്മിന്റെ ബോര്‍ഡുകള്‍ നശിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല