സ്വന്തം ലേഖകന്‍: ഭരണത്തില്‍ പുതിയ ലോക റെക്കോര്‍ഡുമായി എലിസബത്ത് രാജ്ഞി. തായലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജിന്റെ അന്ത്യത്തോടെ ജീവിച്ചിരിക്കുന്നവരില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കാലം രാജഭരണം നിര്‍വഹിച്ച ആള് എന്ന ബഹുമതിയാണ് എലിസബത്ത് രാജ്ഞിക്ക് സ്വന്തമായത്.
70 വര്‍ഷത്തെ രാജഭരണത്തിന് വിരാമമിട്ടാണ് 88 മത്തെ വയസ്സില്‍ കഴിഞ്ഞ ദിവസം അതുല്യതേജ് ലോകത്തോട് വിടപറഞ്ഞത്. 1946 ല്‍ അധികാരത്തില്‍ ഏറിയ അദ്ദേഹം എഴുപത് വര്‍ഷവും നാലു മാസവുമാണ് അധികാരത്തില്‍ പിന്നിട്ടത്. 1952ല്‍ 25 മത്തെ വയസ്സിലാണ് എലിസബത്ത് രാജ്ഞി ഈ പദവിയിലത്തെിയത്.
ഇപ്പോള്‍ 90 വയസുള്ള രാജ്ഞിക്ക് ഏതാനും വര്‍ഷം കൂടി കഴിഞ്ഞാല്‍ അതുല്യതേജിന്റെ റെക്കോഡ് മറികടക്കാന്‍ കഴിയും. 63 വര്‍ഷം ഭരിച്ച വിക്ടോറിയ രാജ്ഞിയെ പിന്തള്ളി ഏറ്റവും അധികം കാലം കിരീടമണിഞ്ഞ ബ്രിട്ടീഷ് രാജകുടുംബാംഗം എന്ന ബഹുമതി എലിസബത്ത് രാജ്ഞി സ്വന്തമാക്കിയത് കഴിഞ്ഞ വര്‍ഷമാണ്.
1921 ഏപ്രില്‍ 21ന് ജനിച്ച എലിസബത്ത് അലക്സാട്രിയ മേരി, അച്ഛന് ജോര്‍ജ് ആറാമന്റെ മരണത്തെ തുടര്‍ന്ന് 1952 ബെബ്രുവരി 6 നാണ് ബ്രിട്ടിന്റെ കിരീടമണിയുന്നത്. ആറ് പതിറ്റാണ്ടു നീണ്ടു നിന്ന ഔദ്യോഗിക ജീവിതത്തിനിടക്ക് പന്ത്രണ്ട് പ്രധാനമന്ത്രിമാരാണ് രാജ്ഞിയുടെ കീഴില്‍ പ്രവര്‍ത്തിച്ചത്. നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച എലിസബത്ത് രാജ്ഞിയുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി ലഭിക്കുകയാണ് ഈ അപൂര്‍വ റെക്കോര്‍ഡിലൂടെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല