1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2011

സെന്റര്‍ കോര്‍ട്ടിന്റെ പുല്‍ത്തകിടിയില്‍ ഇതാദ്യമായി സെര്‍ബിയന്‍ പോരാളിയുടെ വിജയഭേരി. കരുത്തനായ റാഫേല്‍ നദാലിന്റെ തുടരന്‍ കിരീടമോഹങ്ങള്‍ക്ക് കലാശക്കളിയിലെ മിന്നുന്ന പ്രകടനത്തോടെ അന്ത്യം കുറിച്ച് നൊവാക് ദ്യോകോവിച്ച് വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ കന്നിക്കിരീടം ചൂടി. സ്‌കോര്‍: 6-4, 6-1, 1-6, 6-3. ഇതോടെ ലോക റാങ്കിങ്ങിന്റെ തലപ്പത്ത് നദാലിന്റെ വാഴ്ച അവസാനിപ്പിച്ച് ദ്യോകാവിച്ചാവും ഇന്നു മുതല്‍ ഒന്നാമന്‍. റോജര്‍ ഫെഡറര്‍ക്കും നദാലിനുമൊപ്പം ആധുനിക ടെന്നിസിലെ അഗ്രഗണ്യനാണ് താനുമെന്ന് വിളംബരം ചെയ്യുന്നതായിരുന്നു വിംബിള്‍ഡണ്‍ ഫൈനലിലെ ദ്യോകോവിച്ചിന്റെ ആധികാരിക പ്രകടനം. രണ്ടു തവണ ആസ്‌ട്രേലിയന്‍ ഓപണില്‍ ജേതാവായ ദ്യോകോവിച്ചിന്റെ മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.

കഴിഞ്ഞ 51 മത്സരങ്ങള്‍ക്കിടെ ദ്യോകോവിച്ചിന്റെ 50ാം ജയമാണ് സെന്റര്‍ കോര്‍ട്ടില്‍ ഞായറാഴ്ച പിറന്നത്. ഇതോടെ ഈ വര്‍ഷം നദാലുമായി ഏറ്റുമുട്ടിയ അഞ്ചു കളികളിലും സെര്‍ബിയക്കാരനൊപ്പമായി ജയം. വിംബിള്‍ഡണിന്റെ ഫൈനലിലെത്തിയപ്പോള്‍ തന്നെ തിങ്കളാഴ്ച പുറത്തിറങ്ങുന്ന പുതുക്കിയ റാങ്കിങ്ങില്‍ നദാലിനെ പിന്തള്ളി ദ്യോകോവിച്ച് ഒന്നാം സ്ഥാനം ഉറപ്പിച്ചിരുന്നു.

സ്‌പാനിഷുകാരനായ ടോപ്‌സീഡിനെതിരെ ഈ വര്‍ഷം മുമ്പ് കളിച്ച നാലു ഫൈനലുകളിലും ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് രണ്ടാം സീഡായ ദ്യോകോവിച്ച് റാക്കറ്റേന്തിയത്. എന്നാല്‍, വിംബിള്‍ഡണിന്റെ തട്ടകമായ ഓള്‍ ഇംഗ്ലണ്ട് ക്ലബില്‍ മുമ്പ് രണ്ടു തവണയും ദ്യോകോവിച്ചിനെ കീഴടക്കിയിട്ടുണ്ടെന്ന പഴങ്കഥകളില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ടായിരുന്നു നദാലിന്റെ പടപ്പുറപ്പാട്. സെര്‍ബിയന്‍ താരത്തിനെതിരെ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ കളിച്ച അഞ്ചു മത്സരങ്ങളും വിജയിച്ചുവെന്നതും നദാലിന്റെ മൂന്നാം വിംബിള്‍ഡണ്‍ കിരീടപ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി.

ഒപ്പത്തിനൊപ്പമെന്ന പ്രതീക്ഷിച്ച തുടക്കമായിരുന്നു കലാശക്കളിയില്‍. ദ്യോകോവിച്ചിന്റെ വേഗവും കൃത്യതയും മേളിച്ച ഗ്രൗണ്ട് സ്‌ട്രോക്കുകള്‍ തുടരെയെത്തിയപ്പോള്‍ സാധാരണ ഗതിയില്‍ അധികം പിഴവു കാട്ടാത്ത നദാലിന്റെ താളം പിഴച്ചു തുടങ്ങി. സര്‍വ് ബ്രേക്ക് ചെയ്ത് 5-4ന് മുന്നില്‍ കയറിയ ദ്യോകോവിച്ച് സര്‍വ് നിലനിര്‍ത്തി ആദ്യ മുന്‍തൂക്കം നേടി.

ആത്മവിശ്വാസമാര്‍ജിച്ച നൊവാക് രണ്ടാം സെറ്റില്‍ തകര്‍ത്തു കളിക്കുകയായിരുന്നു. 13 വിന്നറുകള്‍ പായിച്ച് നദാലിനെ വെള്ളം കുടിപ്പിച്ച ഈ സെറ്റ് അനായാസം ദ്യോകോവിച്ചിനൊപ്പംനിന്നു.

തോല്‍വി മുന്നില്‍ നില്‍ക്കെ നദാല്‍ ഫോര്‍ഹാന്‍ഡ് ഷോട്ടുകളില്‍ കരുത്തുകാട്ടി 6-1ന് അതേയളവില്‍ തിരിച്ചടിച്ചപ്പോള്‍ മത്സരം ആവേശകരമാകുമെന്ന സൂചനയായിരുന്നു. അപകടം മണത്ത ദ്യോകോവിച്ച് നാലാം സെറ്റില്‍ രണ്ടും കല്‍പിച്ച് പൊരുതി. 4-3ന് മുന്നില്‍ കയറിയ സെര്‍ബിയക്കാരനെതിരെ ഏറെ പിഴവുകള്‍ വരുത്തിയ ഗെയിമില്‍ നദാല്‍ ബ്രേക്ക്‌പോയന്റ് വഴങ്ങിയതോടെ ദ്യോകോവിച്ച് ചരിത്രനേട്ടത്തിനടുത്തെത്തി. അടുത്ത ഗെയിമില്‍ സര്‍വ് നിലനിര്‍ത്തിയ ഈ 24കാരന്‍ വിംബിള്‍ഡണില്‍ വെന്നിക്കൊടി നാട്ടുന്ന ആദ്യ സെര്‍ബിയക്കാരനായി ചരിത്രത്തില്‍ ഇടം നേടുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.