ബാങ്കോക്: തായ്ലന്ഡില് പ്രതിപക്ഷ കക്ഷിയായ പ്യൂ തായ് പാര്‍ട്ടിക്ക് മികച്ച ജയം. 92 ശതമാനം വോട്ട് എണ്ണിത്തീര്‍ന്നപ്പോള്‍ പ്യൂ തായ് പാര്‍ട്ടി 500ല്‍ 260 സീറ്റ് നേടി കേവല ഭൂരിപക്ഷം നേടി. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിക് 163 സീറ്റാണ് ലഭിച്ചത്.
ഇതോടെ, നാട് കടത്തപ്പെട്ട മുന്‍ തായ് പ്രധാനമന്ത്രി താന്ക്സിന് ഷിനാവത്രയുടെ സഹോദരിയും പ്യൂ തായ് പാര്‍ട്ടിയുടെ നേതാവുമായ യിങ്ലുക്ക് ഷിനാവത്ര തായ്ലന്ഡിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി.
‘പ്യൂ തായി പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ വിജയിച്ചു കഴിഞ്ഞു എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ഡെമോക്രാറ്റ് പാര്‍ട്ടി പരാജയപ്പെട്ടിരിക്കുന്നു. സര്‍ക്കാരുണ്ടാക്കാനുള്ള അവകാശം നേടിയെടുത്ത പ്യൂ തായ് പാര്‍ട്ടിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ വിജയം എന്‍േറതോ പാര്‍ട്ടിയുടേതോ അല്ല. ജനങ്ങള്‍ നല്കിയ അവസരമായിട്ടാണ് ഇതിനെ കാണുന്നത്. അവര്‍ക്കായി പരമാവധി പ്രവര്‍ത്തിക്കും’ബാങ്കോക്കിലെ പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോടായി യിങ്ലുക്ക് പറഞ്ഞു.
പാര്‍ട്ടിയുടെ പരാജയം സമ്മതിച്ച നിലവിലെ പ്രധാനമന്ത്രിയും ഡെമോക്രാറ്റിക് പാര്‍ട്ടി തലവനുമായ അഭിസിത്ത് വെജാജിവ പ്യൂ തായ് പാര്‍ട്ടി നേതാക്കളെ അഭിനന്ദിച്ചു.
സഹോദരിയുടെ വിജയവിവരമറിഞ്ഞ താന്ക്സിന് ഒരു തായ് ബ്രോഡ്കാസ്റ്ററിലൂടെ അവരെ അഭിനന്ദിച്ചു. ദുബായ്യിലുള്ള അദ്ദേഹം സഹോദരിയെ അവരുടെ ഉത്തരവാദിക്കങ്ങള് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
ഞായറാഴ്ച വോട്ടെടുപ്പിന് തൊട്ടുടനെ പുറത്തുവന്ന എക്സിറ്റ് പോള്‍ പ്യൂ തായ് പാര്‍ട്ടി 300 സീറ്റുകള്‍ വരെ നേടുമെന്ന് പ്രവചിച്ചിരുന്നു. പുതിയ ഭരണകൂടം അധികാരത്തിലെത്തുന്നതോടെ തായ്ലന്ഡിലെ വര്‍ഷങ്ങളായുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചെറുപാര്ട്ടികളെക്കൂടി ഉള്‍പ്പെടുത്തി കൂട്ടുകക്ഷി സര്ക്കാരുണ്ടാക്കുന്നതിനെക്കുറിച്ചും ആലോചനകള്‍ നടക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല