ന്യൂദല്‍ഹി: സഞ്ജയ് ദത്തിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാവ് ഷക്കീല്‍ നൂറാനി നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. 1993ലെ മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ ദത്തിന് ജാമ്യം അനുവദിച്ചതിനെതിരെയാണ് നൂറാനി പരാതി നല്‍കിയത്.
ദത്തും നൂറാനിയും തമ്മില്‍ പണമിടപാട് കാര്യങ്ങളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. ദത്തിന്റെ ആജ്ഞയനുസരിച്ച് അദ്ദേഹത്തിന്റെ അധോലോക സുഹൃത്തുക്കള്‍ തന്നെ ഭീഷണിപ്പെടുത്തുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നൂറാനി കോടതിയെ സമീപിച്ചത്.
ഒരു ക്രിമിനല്‍ കേസ് ഉപയോഗിച്ച് നിങ്ങളുടെ സാമ്പത്തിക കലഹങ്ങള്‍ പരിഹരിക്കാന്‍ കോടതിയെ ഉപയോഗിക്കാനാവില്ലെന്ന് ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. ജസ്റ്റിസ് പി. സദാശിവം, ജസ്റ്റിസ് ബി.എസ് ചൗധന്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹരജി പരിഗണിച്ചത്.
ഈ ക്രിമിനല്‍കേസുമായി നിര്‍മ്മാതാവിന് എന്താണ് ബന്ധമെന്നും കോടതി ചോദിച്ചു. അങ്ങനെയെങ്കില്‍ ഒരു എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാനും ബെഞ്ച് ആവശ്യപ്പെട്ടു. ഹരജി പരിഗണിക്കണമെന്നും, നൂറാനി എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും നിര്‍മ്മാതാവിന്റെ അഭിഭാഷകന്‍ സഞ്ജയ് ഹെഡ്ജ് കോടതിയെ അറിയിച്ചു. പക്ഷേ അതുകൊണ്ടൊന്നും ഗുണമുണ്ടായില്ല.
മുംബൈ സ്‌ഫോടന പരമ്പരയില്‍ തന്നെ കുറ്റവാളിയാക്കിയതിനെ ചോദ്യം ചെയ്ത് ദത്ത് ഹരജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് 2007ലെ അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. 2006 നവംബറില്‍ മുംബൈയിലെ പ്രത്യേക കോടതി സ്‌ഫോടനക്കേസില്‍ ദത്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ നിയമവിരുദ്ധമായി ആയുധം കൈവശം വച്ചകേസില്‍ ദത്ത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും അദ്ദേഹത്തിന് ആറ് മാസം തടവ് ശിക്ഷ നല്‍കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല