സ്വന്തം ലേഖകന്‍: സ്ത്രീകളെ അപമാനിക്കുന്ന ട്രംപിന്റെ പരാമര്‍ശങ്ങള്‍ വെറും നേരമ്പോക്കെന്ന് ഭാര്യ മെലാനിയ ട്രംപ്. സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് വെട്ടിലായ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു മെലാനിയ ട്രംപ്.
അദ്ദേഹം മാന്യനാണ്. അദ്ദേഹം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണം ഉന്നയിക്കുന്ന സ്ത്രീകള്‍ കള്ളം പറയുകയാണ്. അദ്ദേഹത്തിന്റെ സ്ത്രീകള്‍ക്കെതിരായ പരാമര്‍ശം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും താനറിയുന്ന ട്രംപില്‍ നിന്ന് ഒരിക്കലും ഇത്തരമൊരു മോശം പരാമര്‍ശം ഉണ്ടാവില്ലെന്നും മെലാനീയ പറഞ്ഞു.
അടുത്തിടെ പുറത്തുവന്ന 2005 ലെ ടേപ്പിനെ നേരമ്പോക്കായി കണ്ടാല്‍ മതി. എന്റെ ഭര്‍ത്താവിനെ ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹം ഒരിക്കലും അത്തരമൊരു ഭാഷ ഉപയോഗിക്കില്ല. ചില പുരുഷന്മാര് സംസാരിക്കുന്നത് അത്തരത്തിലാണെന്ന് തനിക്കറിയാം. ആ രീതിയില്‍ മാത്രമേ ട്രംപിന്റെ സംഭാഷണത്തെയും കണ്ടിട്ടുള്ളുവെന്നും സി.എന്‍.എന്‍ ചാനലിലെ ആന്ഡേഴ്സണ് കൂപ്പറിന് നല്കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.
നേരത്തെ ട്രംപ് നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ അദ്ദേഹത്തിന് മാപ്പു നല്‍കണമെന്ന് ആവശ്യപ്പെട്ടും മെലാനീയ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിനെ വീണ്ടും പിന്തുണച്ച് മെലാനീയ പരസ്യ നിലപാട് സ്വീകരിച്ചത്. ട്രംപിന്റെ വിവാദ വീഡിയോ പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍തന്നെ ട്രംപിനെതിരെ തിരിയുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല