ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇനിയും തുറക്കാനുള്ള ബി എന്ന നിലവറയിലെ രഹസ്യങ്ങളെക്കുറിച്ച് കഥകള്‍ പരക്കുകയാണ്. വിശ്വസീനയവും അവിശ്വസനീയവുമായ ഒട്ടേറെ കാര്യങ്ങളാണ് പറഞ്ഞുപരക്കുന്നത്.
മറ്റ് അഞ്ച് നിലവറകള്‍ പോലെ പെട്ടെന്ന് തുറക്കാവുന്നതല്ല ബി നിലവറയെന്ന സത്യം പുറത്തുവന്നതോടെയാണ് ഇതിനെചുറ്റിപ്പറ്റി കഥകള്‍ പരക്കുന്നത്. ഇതില്‍ നിറയെ വെള്ളിയുടെ ശേഖരമാണെന്നാണ് കരുതപ്പെടുന്നത്.
ഒന്നിലേറെ ഉരുക്കുവാതിലുകളും മറ്റുമുള്ള ഈ നിവലറയില് നിന്നും സമുദ്രത്തിലേയ്ക്കും മറ്റും തുരങ്കങ്ങളുണ്ടെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്നും ഏറെ അകലെയാണ് സമുദ്രം കിടക്കുന്നതെന്നതിനാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ടെന്ന് അറ തുറന്നു കഴിഞ്ഞെങ്കില്‍ മാത്രമേ പറയാന്‍ കഴിയുകയുള്ളു.
അറ തുറന്നാല്‍ ദുരന്തങ്ങള്‍ സംഭവിക്കുമെന്നും വിശ്വസിക്കുന്നവരുണ്ട്. ഇക്കാര്യത്തില്‍ കണക്കെടുപ്പ് സമിതിയ്ക്കും ആശങ്കകളുണ്ട്. അതുകൊണ്ടാണ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഈ അറ തുറക്കുകയുള്ളുവെന്ന് അവര്‍ തീരുമാനിച്ചിരിക്കുന്നത്.
90000 കോടിയിലേറെ രൂപ വിലമതിക്കുന്ന നിധിശേഖരമാണ് ക്ഷേത്രത്തില്‍ നിന്ന് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഇവയുടെ പൈതൃകമൂല്യവും അപൂര്‍വതയും കണക്കാക്കുമ്പോള്‍ മൂല്യം ഉയരുമെന്ന് ഉറപ്പാണ്.
ഇന്ത്യയിലെ ഏറ്റവും സമ്പന്ന ക്ഷേത്രമെന്ന പദവിയിലേയ്ക്ക് ഉയര്‍ന്നതോടെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ലോകശ്രദ്ധയാകര്‍ഷിയ്ക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല