സ്വന്തം ലേഖകന്‍: മൊസൂളില്‍ നില്ക്കക്കള്ളിയില്ലാതായ ഇസ്ലാമിക് സ്റ്റേറ്റ് കുട്ടികളെ മനുഷ്യക്കവചങ്ങളായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ 300 ഓളം പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറാഖ് സേന വളഞ്ഞതോടെ ആക്രമണങ്ങളില്‍ ഐഎസ് തീവ്രവാദികള്‍ സ്ത്രീകളേയും കുട്ടികളേയും മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നതായി ഇറാഖി രഹസ്യാന്വേഷണ വിഭാഗവും സ്ഥിരീകരിച്ചു.
മൊസൂളിലെ കൂട്ടക്കൊല നടന്ന പ്രദേശങ്ങളില്‍ ഐഎസ് തീവ്രവാദികള്‍ ബുള്‍ ഡോസര് ഉപയോഗിച്ച് വലിയ കുഴികള്‍ എടുക്കുകയും മൃതദേഹങ്ങള്‍ സംസ്ക്കരിക്കുകയും ചെയ്തതായി സൂചനയുണ്ട്. വെടിയേറ്റ് മരിച്ച ഇരകളില്‍ കൂടുതല്‍ പേരും കുട്ടികളാണെന്നാണ് വിവരം. മൊസൂളിന്റെ പരിസര പ്രദേശങ്ങളില്‍ നിന്നും 550 കുടുംബങ്ങളെ ഐഎസ് തീവ്രവാദികള്‍ പിടിച്ചുകൊണ്ടുപോയതായി നേരത്തേ യുഎന്‍ വ്യക്തമാക്കിയിരുന്നു. ഇവരെ ഇപ്പോള്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്ന ഇറാഖിലെ രണ്ടാമത്തെ വലിയ നഗരത്തില്‍ ഉപയോഗിക്കുകയാണ്.
സൊമാലിയയിലെ ഗ്രാമങ്ങളില്‍ നിന്നും 200 കുടുംബങ്ങളെയും നജാഫിയയില് നിന്നും 350 കുടുംബങ്ങളെയും മൊസൂളിലേക്ക് തിങ്കളാഴ്ച കൊണ്ടുവന്നിരുന്നു. ഇതിന് പുറമേ മൊസൂളില്‍ നിന്നും നാട്ടുകാര്‍ പുറത്ത് പോകാതിരിക്കാന്‍ ഐഎസ് തീവ്രവാദികള്‍ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മൊസൂളിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് 175 കിലോമീറ്റര്‍ മാറി കിര്‍ക്കുക്കില്‍ സ്ഥിതി ചെയ്യുന്ന സൈനിക കെട്ടിടങ്ങള്‍ ഐഎസ് ആക്രമിച്ചിരുന്നു. 30 ലധികം വരുന്ന തീവ്രവാദികളാണ് കെട്ടിടം പിടിച്ചെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല