സ്വന്തം ലേഖകന്‍: താന്‍ ജയിച്ചാല്‍ മാത്രം തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വന്‍ വിവാദമാകുന്നു. ട്രംപിന്റേത് അപകടകരമായ പ്രസ്താവനയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രതികരിച്ചു.
മിയാമിയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്റെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് ട്രംപിന്റെ പ്രസ്താവനയെ ഒബാമ രൂക്ഷമായി വിമര്‍ശിച്ചത്. ട്രംപിന്റെ പരാമര്‍ശം അമേരിക്കന്‍ ജനാധിപത്യത്തെ തുരങ്കം വെയ്ക്കുന്നതാണ്. ജനങ്ങളില്‍ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെക്കുറിച്ച് സംശയം ജനിപ്പിക്കുന്നത് ശത്രുക്കള്‍ക്ക് രാജ്യത്തെ വിമര്‍ശിക്കാന്‍ സഹായംചെയ്യുമെന്നും ഒബാമ പറഞ്ഞു.
ട്രംപിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണും രംഗത്തെത്തിയിട്ടുണ്ട്. ജനാധിപത്യത്തിന് വെല്ലുവിളിയാണ് ട്രംപിന്റെ പ്രസ്താവനയെന്നായിരുന്നു ഹിലരിയുടെ പ്രതികരണം. അമേരിക്കന്‍ ജനാധിപത്യത്തെ സംശയത്തിലാക്കുന്നത് ശരിയല്ലെന്ന് ഒബാമയുടെ പത്നി മിഷേല്‍ ഒബാമയും പ്രതികരിച്ചു.
അതേസമയം ട്രംപിന്റെ പ്രചാരണ മാനേജര്‍ കെല്ലെയ്ന് കോണ്‍വെ വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി രംഗത്തെത്തി. യഥാര്‍ത്ഥ ഫലം അറിയുന്നതുവരെ തോല്‍വി സമ്മതിക്കില്ലെന്നാണ് ട്രംപ് ഉദ്ദേശിച്ചതെന്നാണ് കോണ്‍വെയുടെ വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല