സജീഷ് ടോം (യുക്മ ദേശീയ ജനറല്‍ സെക്രട്ടറി): യുക്മ ഏഴാമത് ദേശീയ കലാമേള നഗറിന്റെ നാമകരണം നടന്നു. ഒക്റ്റോബര്‍ 23 ഞായറാഴ്ച കവന്‍ട്രിയില്‍ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് നാമകരം നടന്നത്. മലയാളത്തിന്റെ മഹാകവി ഒ.എന്‍.വി. കുറുപ്പിന്റെ പേരിലാകും ഈ വര്‍ഷത്തെ കലാമേള നഗര്‍ അറിയപ്പെടുക.
ഭാരതീയ സാഹിത്യത്തിലെ ഇതിഹാസകാരന്മാര്‍ക്ക് നല്കപ്പെടുന്ന പരമോന്നത ബഹുമതിയായ ജ്ഞാനപീഠം അവാര്‍ഡ് ജേതാവായ ഒറ്റപ്ലാവില് നീലകണ്ഠന് വേലു കുറുപ്പ് എന്ന ഒ.എന്‍.വി. കുറുപ്പ് ആധുനീക മലയാള സാഹിത്യത്തിന്റെ ഐശ്വര്യവും കുലീനതയുമാണ്. 2016 ഫെബ്രുവരിയില്‍ തന്റെ 84)മത്തെ വയസ്സില്‍ കാലയവനികക്ക് പിന്നിലേക്ക് മറയുമ്പോള്‍, പത്മശ്രീ, പത്മവിഭൂഷണ്‍ തുടങ്ങിയ നിരവധി പുരസ്ക്കാരങ്ങള്‍ നല്കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു കഴിഞ്ഞിരുന്നു.
ഈ കാലഘട്ടത്തിലെ ഏറ്റവും ജനകീയനായ മലയാള കവിയും ശ്രദ്ധേയനായ ചലച്ചിത്ര ഗാന രചയിതാവുമായ ഒ.എന്‍.വി. കുറുപ്പ് മലയാളികളുടെ മനസ്സില്‍ ഗ്രുഹാതുരത്വത്തിന്റെ നനുത്ത സ്മരണകള്‍ ഉണര്‍ത്തിയ സര്‍ഗ്ഗധനനായ കലാകാരനായിരുന്നെന്ന് കലാമേള നഗറിന് അദ്ദേഹത്തിന്റെ പേര് തിരഞ്ഞെടുത്തുകൊണ്ട് യുക്മ ദേശീയ സിമിതി വിലയിരുത്തി. യുക്മ നേതാക്കളും, അംഗങ്ങളും യുക്മ സഹയാത്രികരുമായ നിരവധിപേരില്‍നിന്നും ലഭിച്ച ആറോളം നാമനിര്‍ദ്ദേശങ്ങളില്‍നിന്നാണ് ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രൊഫസര്‍ ഒ.എന്‍.വി.കുറുപ്പിന്റെ പേര് ഐകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടത്.
കവന്‍ട്രി കേരള കമ്മ്യൂണിറ്റിയുടെ പരിധിയില്‍ വരുന്ന വാര്‍വിക്ക് ഷെയറിലെ മൈറ്റന്‍ സ്കൂളിലാണ് ഈ വര്‍ഷത്തെ യുക്മ ദേശീയ കലാമേള നടക്കുന്നത്. കവന്‍ട്രി കേരള കമ്മ്യൂണിറ്റി (സി.കെ.സി.) യുടെയും മിഡ്ലാന്‍ഡ്സ് റീജിയന്റെയും സംയുക്താതിധേയത്വത്തിലാണ്, ലോക പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കലാമാമാങ്കം എന്ന് വിശേഷിപ്പിക്കപ്പെടുന്ന യുക്മ ദേശീയ കലാമേള 2016 സംഘടിപ്പിക്കപ്പെടുന്നത്.
ദേശീയ കലാമേളയുടെ മുന്നോടിയായുള്ള റീജിയണല്‍ മത്സരങ്ങളെല്ലാം പൂര്‍ത്തിയായ സാഹചര്യത്തില്‍ ദേശീയ മേളയുടെ അവസാനവട്ട ഒരുക്കങ്ങളിലാണ് യുക്മ നേതൃത്വം. യുക്മ ദേശിയ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു, ജനറല്‍ സെക്രട്ടറി സജീഷ് ടോം, കലാമേള ജനറല്‍ കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ്, ദേശീയ ട്രഷറര്‍ ഷാജി തോമസ്, മിഡ്ലാന്‍ഡ്സില്‍ നിന്നുള്ള ദേശീയ വൈസ് പ്രസിഡന്റ് ബീന സെന്‍സ്, യുക്മ പി.ആര്.ഒ. അനീഷ് ജോണ്‍, മിഡ്ലാന്‍ഡ്സ് റീജിയണല്‍ നേതാക്കളായ ജയകുമാര്‍ നായര്‍, ഡിക്സ് ജോര്‍ജ്, സുരേഷ് കുമാര്‍, സി.കെ.സി. നേതാക്കളായ പോള്‍സണ്‍ മത്തായി, ജോണ്സന് യോഹന്നാന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കലാമേളയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി വരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല