സ്വന്തം ലേഖകന്‍: ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ക്കിടെ ഫ്രാന്‍സില്‍ കാലെ അഭയാര്‍ഥി ക്യാമ്പില്‍ വന്‍ തീപിടുത്തം, ആയിരത്തോളം കുടിലുകള്‍ കത്തി നശിച്ചു. വടക്കന്‍ ഫ്രഞ്ച് പ്രദേശമായ കാലെയില് ഏഴായിരത്തോളം കുടിയേറ്റക്കാര്‍ താമസിക്കുന്ന ക്യാമ്പാണ് തീയിട്ട് നശിപ്പിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല.
സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്ന് ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന കാലെ ജംഗിളിലെ ക്യാമ്പില്‍ തീപിടിത്തമുണ്ടായത്. നാലായിരത്തോളം പേരെ വിവിധയിടങ്ങളിലേക്ക് മാറ്റി. സുരക്ഷ കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തെ ക്യാമ്പില്‍ വിന്യസിച്ചിട്ടുണ്ട്.
നേരത്തെ ജംഗിള്‍ ക്യാമ്പ് എന്നറിയപ്പെടുന്ന ഇവിടെനിന്ന് 2,318 അഭയാര്‍ഥികളെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചിരുന്നു. ഏഴായിരത്തോളം വരുന്ന അഭയാര്‍ഥികളെ പുറത്താക്കി ക്യാമ്പ് പൊളിച്ചു മാറ്റാനാണ് ഫ്രഞ്ച് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ അഭയാര്‍ഥികളുടെ പ്രതിഷേധം ശക്തമായതിനാല്‍ ക്യാമ്പ് പൊളിക്കാന്‍ ദിവസങ്ങള്‍ എടുക്കുമെന്നാണ് കരുതുന്നത്.
ഇവിടെ നിന്നും ഒഴിപ്പിക്കുന്ന അഭയാര്‍ഥികളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്യാമ്പുകളിലേക്കാണ് മാറ്റുന്നത്. അഭയാര്‍ഥികള്‍ സമാധാനപരമായി ഒഴിപ്പിക്കലിന് സന്നദ്ധമായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനിടെയാണ് തീപിടുത്തം. പശ്ചിമേഷ്യയില്‍നിന്നും മറ്റും ഫ്രാന്‍സിലെത്തുന്ന അഭയാര്‍ഥികള്‍ ബ്രിട്ടനിലേക്കു കടക്കുന്നതിനു വേണ്ടിയാണ് കലായിസില് തമ്പടിച്ചിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല