സ്വന്തം ലേഖകന്‍: ചാരപ്പണി, പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന് 48 മണീക്കൂറിനുള്ളില് രാജ്യം വിടണമെന്ന് ഇന്ത്യ, തിരിച്ചടിച്ച് പാകിസ്താന്. ചാരവൃത്തിക്കിടെ പിടിയിലായ പാക് ഉദ്യോഗസ്ഥന് മെഹ്മൂദ് അക്തറിനോട് 48 മണിക്കൂറിനകം രാജ്യം വിടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. രണ്ട് രാജസ്ഥാനി സ്വദേശികളില്‍ നിന്നും സുപ്രധാന പ്രതിരോധ വിവരങ്ങള്‍ കൈമാറവെയാണ് ബുധനാഴ്ച മെഹ്മൂദ് അക്തറിനെ പൊലീസ് പിടികൂടിയത്.
വിവരങ്ങള്‍ കൈമാറിയ രാജസ്ഥാനി സ്വദേശികളായ മൗലാന റംസാന്, സുഭാഷ് ജംഗീര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും, നയതന്ത്ര പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ മെഹ്മൂദ് അക്തറിനെ വെറുതെ വിടുകയായിരുന്നു. പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ വിളിച്ച് വരുത്തി അക്തറും കുടുംബവും 48 മണിക്കൂറിനകം രാജ്യം വിടണമെന്ന് വ്യക്തമാക്കി.
അക്തറിനെ പൊലീസ് പിടികൂടിയതും തടങ്കലില്‍ വെച്ചതും വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്ന് അബ്ദുള്‍ ബാസിത് നേരത്തെ വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തില്‍ തങ്ങള്‍ അക്തറിനോട് മര്യാദ വിട്ട് പെരുമാറിയിട്ടില്ലെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ്, മെഹ്മൂദ് അക്തറിനെ ഐഎസ്ഐ റിക്രൂട്ട് ചെയ്തിരുന്നു. പിന്നീട് പാക് ഹൈക്കമ്മീഷനില്‍ ഉദ്യോഗസ്ഥനായി മെഹ്മൂദ് അക്തറിനെ പാകിസ്താന് നിയോഗിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
മുമ്പും പാകിസ്താനു വേണ്ടി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് 2015 നവംബറില്‍ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് അക്തര്‍ അടക്കമുള്ള പാക് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട നാല് പേരില്‍ ഒരാള്‍ ഒരു പാക് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടിരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ആ ഉദ്യോഗസ്ഥന് അക്തര്‍ ആണെന്നാണ് വിവരം.
അതേസമയം ചാരവൃത്തി ആരോപിച്ച് മെഹ്മൂദ് അക്തറിനെ ഇന്ത്യ പറഞ്ഞയക്കാന്‍ നിര്‍ദേശം നല്‍കിയതിന് തിരിച്ചടിയായി പാകിസ്താനും രംഗത്ത്. അസ്വീകാര്യനായ വ്യക്തിയാണെന്ന നിലപാട് ഉയര്‍ത്തി ഇന്ത്യന്‍ ഹൈക്കമ്മീഷന് സ്ഥാനപതിയായ സുര്‍ജീത്ത് സിങ്ങ്, 48 മണിക്കൂറിനകം രാജ്യം വിടണമെന്ന് പാകിസ്താന് വ്യക്തമാക്കി. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബംബേവാലയെ വിദേശകാര്യ മന്ത്രാലയം വിളിച്ച് വരുത്തി കാര്യങ്ങള്‍ അറിയിച്ചതായി പാക് വിദേശകാര്യ ഓഫീസ് വ്യക്തമാക്കി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല