സ്വന്തം ലേഖകന്‍: സ്പാ ഉടമയുടെ പാട്ട്, സെയ്ഫ് അലിഖാന് ചിത്രത്തിന്റെ കൊച്ചിയിലെ ഷൂട്ടിംഗ് മുടങ്ങി, ക്ഷുഭിതനായി സൂപ്പര്‍ താരം. ഫോര്‍ട്ട് കൊച്ചിയില്‍ രാജാകൃഷ്ണ മേനോന്റെ ഷെഫ് എന്ന ചിത്രത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
അക്ഷയ് കുമാറിന്റെ എയര്‍ലിഫ്റ്റിനുശേഷം, മലയാളിയായ രാജാകൃഷ്ണ മേനോന് സെയ്ഫിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമാണ് ഷെഫ്. ഫോര്‍ട്ട് കൊച്ചിയിലായിരുന്നു ചിത്രീകരണം. ഇതിനുവേണ്ടി കോര്‍പ്പറേഷനില്‍ നിന്ന് മുന്‍കൂര്‍ അനുമതിയും വാങ്ങിയിരുന്നു. എന്നാല്‍ സകല തയ്യാറെടുപ്പുകളുമായി സെയ്ഫും സംഘവും ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയപ്പോള്‍ സമീപത്തെ ഒരു ആയുര്‍വേദ സ്പായില്‍ പാട്ട് തകര്‍ക്കുകയായിരുന്നു.
ഇതു കാരണം ചിത്രീകരണത്തിന്റെ സ്പോട്ട് ഡബ്ബിങ് നടത്താന്‍ കഴിയാതെയായി. ഷൂട്ടിങ് മുടങ്ങിയതോടെ സിനിമാപ്രവര്‍ത്തകര്‍ പോയി കണ്ടെങ്കിലും സ്പാ ഉടമ വഴങ്ങാന്‍ ഒരുക്കമായിരുന്നില്ല. പിന്നീട് സിനിമാക്കാര് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസെത്തിയിട്ടും പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ സ്പാക്കാര് തയ്യാറായില്ല. ഇതിനിടെ സഹികെട്ട സെയ്ഫ് അലി ഖാന് അണിയറപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ചു.
ഒടുവില്‍, ഒരുപാട് പാട്ടുകള്‍ക്കൊപ്പം ചുവടുവച്ചിട്ടുള്ള ബോളിവുഡിന്റെ സൂപ്പര്‍താരത്തിന് ഷൂട്ടിങ് മുടക്കിയ പാട്ടിനൊപ്പം താളംപിടിച്ച് രോഷമടക്കാതെ തരമില്ലെന്നായി. ഒരു പാട്ട് കാരണം ഷൂട്ടിങ് മുടങ്ങുന്നത് കണ്ടാണ് ഒടുവില്‍ സെയ്ഫ് ഹോട്ടലിലേയ്ക്ക് മടങ്ങിയത്.
റോഷന് എന്ന ഒരു പ്രൊഫഷണല്‍ ഷെഫിനെയാണ് സെയ്ഫ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അവധിക്ക് കൊച്ചിയിലെ വീട്ടിലേയ്ക്ക് വരുന്ന രംഗങ്ങളായിരുന്നു ഫോര്‍ട്ട് കൊച്ചിയില്‍ വച്ച് ചിത്രീകരിക്കേണ്ടിയിരുന്നത്. പത്മപ്രിയയും ഒരു ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല