സ്വന്തം ലേഖകന്‍: ജറുസലേമിലെ ക്രിസ്തുവിന്റെ കല്ലറ ഗവേഷകര്‍ വീണ്ടും തുറന്നു. 1555 എഡിയിലാണ് അവസാനമായി കല്ലറ മാര്‍ബിള്‍ ഉപയോഗിച്ച് അടച്ചത്. മാര്‍ബിള്‍ മൂടിക്കു താഴെയുള്ള വസ്തുക്കളുടെ അളവ് തങ്ങളെ അതിശയിപ്പിച്ചു എന്നു പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുന്ന പുരാവസ്തു ഗവേഷകര്‍ പറഞ്ഞു.
ക്രിസ്തുവിനെ കിടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്ന യഥാര്‍ത്ഥ പാറ കണ്ടെത്താന്‍ സാധിച്ചതായും ഗവേഷകര്‍ വെളിപ്പെടുത്തി. എന്നാല്‍ ഇത് ശാസ്ത്രീയമായി തെളിയിക്കാന്‍ ഇനിയും സമയം വേണ്ടി വരും. ക്രൈസ്തവ വിശ്വാസ പ്രകാരം ഈ പാറയില്‍ നിന്നു കൊത്തിയെടുത്ത കല്ലറയിലാണ് യേശുവിനെ സംസ്കരിച്ചിരിക്കുന്നത്.
എഡിക്യൂള്‍ എന്നറിയപ്പെടുന്ന ചെറിയ ഭവനം ഈ കല്ലറയ്ക്കു ചുറ്റും നിര്‍മ്മിച്ചിട്ടുണ്ട്. 1808, 1810 ലാണ് ഇതിന്റെ പുനര്‍നിര്‍മ്മാണം അവസാനമായ് നടന്നത്. മാസങ്ങളായി കല്ലറ സ്ഥിതി ചെയ്യുന്ന ദേവാലയത്തില്‍ നടത്തിവരുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണു കല്ലറ വീണ്ടും തുറന്നത്.
ക്രിസ്തുവിന്റെ തിരുശരീരം സൂക്ഷിച്ചിരുന്ന യഥാര്‍ഥ കല്ലറയെ കണ്ണുകൊണ്ടു കാണാന്‍ സാധിച്ച അത്ഭുതത്തിലാണ് തങ്ങള്‍ എന്നു ഗവേഷകര്‍ പറഞ്ഞു. വിശുദ്ധനാടു സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ പ്രധാന തീര്‍ഥാടന കേന്ദ്രം കൂടിയാണ് ഈ കല്ലറ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല