1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2016

ടോം ശങ്കൂരിക്കല്‍: യു കെ മലയാളികളുടെ ഇത്തവണത്തെ ക്രിസ്മസ് ന്യു ഇയര്‍ ആഘോഷങ്ങള്‍ പൊടി പൊടിക്കും. ചിരി മഴയും സംഗീത രാവുമായി കൊച്ചിന്‍ പോപ്പിന്‍സിന്റെ മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ 2016 യു കെ യിലേക്ക്. യു കെ മലയാളികളുടെ ആഘോഷങ്ങളുടെ കാഴ്ചപാട് ആകെ മാറുകയാണ്. ആഘോഷങ്ങള്‍ ഏതും ആയിക്കോട്ടെ പക്ഷെ പരിപാടി ഗംഭീരമാകണം. ഇത് മുന്നില്‍ കണ്ടു കൊണ്ട് ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ യു കെ മലയാളി പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന അത്യുഗ്രന്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷ വിരുന്നാണ് കൊച്ചിന്‍ പോപ്പിന്‍സിന്റെ മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ 2016. കേരളക്കരയിലെ പ്രശസ്തരും പ്രഗത്ഭരുമായ ഏതാനും താരങ്ങള്‍ അണി നിരക്കുന്ന ഒരു സംഗീത ഹാസ്യ നിശായാണ് മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ. സിനിമാ സീരിയല്‍ താരം ഗായത്രി അരുണ്‍, സിനിമാ ടിവി മിമിക്രി കലാകാരായ പ്രശാന്ത് കാഞ്ഞിരമറ്റം, അജീഷ് കോട്ടയം, മുഹമ്മ പ്രസാദ്, ഷിജു അഞ്ചുമന, പ്രശസ്ത പിന്നണി ഗായകരായ ഡെന്‍സി, ഷിനോ പോള്‍ തുടങ്ങി ഏഴോളം താരങ്ങളാണ് യു കെ യുടെ മണ്ണില്‍ പറന്നിറങ്ങുന്നത്.

പഴയതും പുതിയതും ആയ സൂപര്‍ ഹിറ്റ് ഗാനങ്ങളും കലാഭവന്‍ മണി സമര്‍പ്പണമായൊരുക്കുന്ന നാടന്‍ ഗാനങ്ങളുടെ മിക്‌സും പുതു പുത്തന്‍ ഹാസ്യ നമ്പറുകളും കോര്‍ത്തിണക്കിയാണ് മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ പ്രേക്ഷക സമക്ഷം എത്തുന്നത്. കൊച്ചിന്‍ പോപ്പിന്‍സിന്റെ നേതൃത്വത്തില്‍ 2016 ഡിസംബര്‍ അവസാന വാരം മുതല്‍ 2017 ജനുവരി ആദ്യ വാരം വരെ യു കെ യിലെ വിവിധ സ്‌റ്റേജുകളില്‍ അവതരിക്കപ്പെടുന്ന മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ 2016 സംവിധാനം ചെയ്തിരിക്കുന്നത് ശ്രീ. പ്രശാന്ത് കാഞ്ഞിരമറ്റമാണ്.

ഗായത്രി അരുണ്‍ : ഏഷ്യാനെറ് സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ഏറ്റവും ജനപ്രിയ പരമ്പരയായി പരസ്പരത്തില്‍ ഐ പി സ് ഓഫീസറായ ദീപ്തിയെന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ നടി. അനായാസ നടന്‍ വൈഭവത്തിലൂടെയും അത്യാകര്‍ഷകമായ മുഖശ്രീ കൊണ്ടും ഇതിനോടകം തന്നെ മലയാളി മനസ്സ് കീഴടക്കാന്‍ ഗായത്രിക്കു കഴിഞ്ഞു. വിദേശ രാജ്യങ്ങളടക്കം നിരവധി സ്‌റ്റേജ് ഷോകള്‍ക്ക് ക്ഷണമുണ്ടായിട്ടു പോലും സ്‌നേഹപൂര്‍വ്വം അത് നിരസിച്ചു സീരിയല്‍ രംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ദീപ്തിയെന്ന ഗായത്രി അത്യപൂര്‍വ്വ പ്രകടനങ്ങളുമായി രംഗത്തെത്തുന്നു എന്ന പ്രത്യേകതയും കൂടി ഈ മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ 2016 നു മാത്രം അവകാശപ്പെട്ടതാണ്.

പ്രശാന്ത് കാഞ്ഞിരമറ്റം: സ്‌റ്റേജ് ഷോ പ്രേക്ഷകര്‍ക്കു പ്രത്യേക ആമുഖത്തിന്റെ ആവശ്യകത വേണ്ടാത്ത താരം. കൈരളി ടി വി യില്‍ ഒന്‍പതു വര്‍ഷക്കാലം വളരെ വിജയകരമായി സംപ്രേക്ഷണം ചെയ്ത ‘ജഗതി ജഗതിമയം’ എന്ന പരിപാടിയുടെ അവതാരകന്‍. റിഥം എന്ന ചലച്ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച് നിന്നിഷ്ടം എന്നിഷ്ടം 2, ഏയ്ഞ്ചല്‍ ജോണ്‍, സീനിയര്‍ മാന്‍ഡ്രേക്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, നവാഗതര്‍ക്ക് സ്വാഗതം, പറയാന്‍ ബാക്കി വെച്ചത്, ആട് ഒരു ഭീകര ജീവിയാണ് തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെയും ജനശ്രദ്ധേയനായ നടന്‍. ജഗതി ശ്രീകുമാര്‍ അപകടത്തിന് മുന്‍പ് അഭിനയിച്ച പറുദീസ അടക്കം നാല് ചിത്രങ്ങള്‍ക്ക് ജഗതിയുടെ ശബ്ദം നല്‍കിയിരിക്കുന്നതും പ്രശാന്താണ്. വിദേശ രാജ്യങ്ങളടക്കം നിരവധി സ്‌റ്റേജ് പ്രോഗ്രാമുകളുടെ സജീവ സാന്നിധ്യമായ പ്രശാന്ത് മികച്ച ഒരു ഗായകനും കൂടിയാണ്.

അജീഷ് കോട്ടയം: സ്‌റ്റേജ് പ്രോഗ്രാമുകളിലൂടെയും ദൃശ്യ മാധ്യമങ്ങളിലെ കോമഡി പരിപാടികളിലൂടെയും കുടിയന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയ കലാകാരന്‍. ഏഷ്യാനെറ്റ് സിനിമാല, ഫൈവ് സ്റ്റാര്‍ തട്ടുകട, ഷാപ്പിലെ കറിയും നാവിലെ രുചിയും, ഫ്‌ളവേഴ്‌സ് ടി വി യില്‍ സംപ്രേക്ഷണം ചെയ്യുന്ന നാടോടിക്കാറ്റ് തുടങ്ങിയ ജനപ്രിയ പ്രോഗ്രാമുകളിലൂടെയും ഓഫ് ദി പീപ്പിള്‍, അണ്ണാറക്കണ്ണനും തന്നാലായത് , പിഗ്മാന്‍, തത്സമയം ഒരു പെണ്‍കുട്ടി തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെയും ജനശ്രദ്ധ നേടിയ അനുകരണ കലയിലെ അനുഗ്രഹീത പ്രതിഭ. പുതു പുത്തന്‍ രസക്കാഴ്ചകളുമായി പ്രേക്ഷകരെ ചിരിപ്പിക്കാന്‍ അനീഷുമുണ്ട് മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ 2016 ല്‍.

പ്രസാദ് മുഹമ്മ: ഇരുപത്തിയഞ്ചു വര്‍ഷക്കാലമായി മിമിക്രി രംഗത്തെ സജീവ സാന്നിധ്യം. ഹാസ്യാവതരണത്തില്‍ തനതു ശൈലി സ്വന്തമാക്കിയ അതുല്യ പ്രതിഭ. ഏഷ്യാനെറ്റ് വിജയകരമായി സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന വൊഡാഫോണ്‍ കോമഡി സ്റ്റാറിലെ ടീം ബ്‌ളാക് ആന്‍ഡ് വൈറ്റിലുടെയും ഫ്‌ളവേഴ്‌സ് ടി വി യിലെ കോമഡി സൂപ്പര്‍ നെറ്റിലൂടെയും ജനമസ്സുകളേറ്റുവാങ്ങിയ പ്രകടനങ്ങളിലൂടെ ചിര പരിചിതനായ താരം. വിദേശ രാജ്യങ്ങളടക്കം നിരവധി സ്‌റ്റേജ് ഷോകളിലൂടെയും ദൃശ്യ മാധ്യമങ്ങളിലൂടെയും പ്രിയങ്കരനായ പ്രസാദ് മുഹമ്മയുടെ സാന്നിധ്യം ഈ പരിപാടിയുടെ മാറ്റ് കൂട്ടും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

ഷിജു അഞ്ചുമന: വര്‍ഷാവര്‍ഷം ഓണക്കാലങ്ങളില്‍ പുറത്തിറങ്ങുന്ന ഓണത്തിനിടക്ക് പൂട്ടുകച്ചവടം എന്ന സൂപര്‍ ഹിറ്റ് കോമഡി പാരഡി ആല്‍ബത്തിന്റെ രചയിതാവും സംവിധായകനുമായ അത്ഭുത പ്രതിഭ. കൊച്ചിന്‍ ഗിന്നസ്, കൊച്ചിന്‍ നവോദയ, കൊച്ചിന്‍ പോപ്പിന്‍സ് തുടങ്ങിയ മിമിക്രി സമിതികളുടെ തിരക്കഥാകൃത്തും നടനും കൂടിയായ ഈ കലാകാരന്‍ മികച്ച ഒരു ഗായകന്‍ കൂടിയാണ്. നാടന്‍ പാട്ടുകളും പാരഡി ഗാനങ്ങളും അനായാസേന കൈകാര്യം ചെയ്യുന്ന ഷിജുവിലൂടെ നമുക്ക് കലാഭവന്‍ മണിയേയും അനുസ്മരിക്കാം.

ഡെന്‍സി: ഗാനാലാപന വശ്യത കൊണ്ടും ശബ്ദ സൗകുമാര്യം കൊണ്ടും വേദികളെ സമ്പന്നമാക്കിയ കലാകാരി. ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വേദികളില്‍ അതിഥി താരമായെത്തിയും സൂര്യ ടി വി യിലെ മിന്നലേ, കൈരളി ടി വി യിലെ താരോത്സവം തുടങ്ങിയ ജനപ്രീയ പരിപാടികളില്‍ സാന്നിധ്യം അറിയിച്ചും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ഈ കലാകാരിയുടെ ശബ്ദ സൗകുമാര്യം യു കെ യിലെ സ്‌റ്റേജുകളില്‍ അലയടിക്കുക തന്നെ ചെയ്യും.

ഷിനോ പോള്‍: കേരളക്കരയിലെ സംഗീതാസ്വാദകര്‍ക്കു പ്രിയങ്കരനായ കലാകാരന്‍. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത മ്യൂസിക് ഇന്ത്യ എന്ന ബാന്‍ഡ് സംഗീത റിയാലിറ്റി ഷോയിലൂടെ ജഡ്ജസിന്റെയും പ്രേക്ഷകരുടെയും മുക്തകണ്ഠമായ പ്രശംസക്ക് പാത്രമായ ഗായകന്‍. കൈരളി ടി വി യില്‍ സംപ്രേക്ഷണം ചെയ്ത സ്‌കൂള്‍ ബസ് എന്ന പരിപാടിയിലൂടെയും ജനം ടി വി യിലെ പിന്‍ നിലാവ് എന്ന സംഗീത പരിപാടിയിലൂടെയും പ്രേക്ഷക ശ്രദ്ധ ഏറ്റു വാങ്ങി വേദികളില്‍ നിന്നും വേദികളിലേക്ക് ജൈത്ര യാത്ര നടത്തുന്ന ഈ കലാകാരന്‍ യു കെ യിലെ വേദികളെയും പിടിച്ചുലക്കാനായിരിക്കും പറന്നിറങ്ങുന്നത്.

യു കെ മലയാളികള്‍ക്കായി ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ ഒരുക്കുന്ന ഈ മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ 2016 വളരെ ചുരുക്കം സ്‌റ്റേജുകളില്‍ മാത്രമായിരിക്കും അവതരിപ്പിക്കുന്നത്. കേരളത്തിലും വിദേശത്തും നിറയെ പരിപാടികളുമായി ഓടി നടക്കുന്ന ഈ സംഘം വ്യത്യസ്തവും ഏറെ ആസ്വാദജനകവുമായ ഒരു അടിപൊളി പരിപാടിയാണ് ഉറപ്പു നല്‍കുന്നത്ഈ. സ്‌റ്റേജ് ഷോ ബുക്ക് ചെയ്യുന്നതിനും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനും ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ സെക്രട്ടറി ശ്രീ. എബിന്‍ ജോസുമായി ബന്ധപ്പെടാവുന്നതാണ്.

എബിന്‍ ജോസ് 07506926360

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.