1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2016

സജീഷ് ടോം: പ്രിയ സുഹൃത്തുക്കളെ, യുക്മ സ്‌നേഹികളെ, യു.കെ. മലയാളികള്‍ക്കൊരു ദേശീയ പ്രസ്ഥാനമെന്ന സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമാണ് ‘യൂണിയന്‍ ഓഫ് യു.കെ. മലയാളി അസ്സോസിയേഷന്‍സ്’ എന്ന യുക്മ. സംഘടന പിറവിയെടുത്തിട്ട് ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ഏഴാമത് ദേശീയ കലാമേളയുമായി യുക്മ ഇതാ നിങ്ങളുടെ മുന്നിലേക്ക് എത്തുകയായി.

നവംബര്‍ അഞ്ചാം തീയതി ശനിയാഴ്ച കവന്‍ട്രിക്കടുത്തുള്ള വാര്‍വിക് ഷെയറിലെ മൈറ്റന്‍ സ്‌കൂളില്‍ നടക്കുന്ന യുക്മ ദേശീയ കലാമേളയിലേക്ക് ഏവരെയും സകുടുംബം സ്വാഗതം ചെയ്യുന്നു. മലയാളത്തിന്റെ മഹാകവി പ്രൊഫസര്‍ ഒ.എന്‍.വി. കുറുപ്പിന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ പേരില്‍ നാമകരണം ചെയ്തിരിക്കുന്ന കലാമേള നഗറില്‍ ഒരേ സമയം നാല് സ്റ്റേജ്കളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.

ദേശീയ കലാമേളയ്ക്ക് മുന്നോടിയായുള്ള ആവേശകരമായ റീജിയണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. റീജിയണല്‍ മത്സര വിജയികളായ 700 ഓളം മത്സരാര്‍ഥികള്‍ അഞ്ച് വിഭാഗങ്ങളിലായി 41 ഇനങ്ങളില്‍ ദേശീയ കലാമേളയില്‍ മാറ്റുരക്കുന്നു. വിശാലമായ സൗജന്യ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളോടുകൂടിയ കലാമേള നഗറില്‍ മിതമായ നിരക്കില്‍, രാവിലെ 9 മണി മുതല്‍ രാത്രി 11 മണി വരെ തുറന്ന് പ്രവര്‍ത്തിക്കുന്ന, കേരളീയ വിഭവങ്ങളുടെ ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്.

കലാമേളയുടെ വര്‍ദ്ധിച്ചുവരുന്ന ചെലവുകളിലേക്കായി, അഞ്ചു വയസിന് മുകളിലുള്ള എല്ലാവരും ഒരു മുഴുവന്‍ ദിവസത്തേക്ക് കലാമേള നഗറിലേക്കുള്ള പ്രവേശന ഫീസായി £3 നല്‍കേണ്ടതാണ്. രാവിലെ കൃത്യം പത്തുമണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ രാത്രി പത്തുമണി വരെ നീണ്ടുനില്‍ക്കും.

കുടുംബത്തോടൊപ്പം ഒരു ദിവസം മുഴുവനായി ഈ മഹോത്സവത്തില്‍ പങ്കെടുക്കുവാന്‍ നിങ്ങളോരോരുത്തരെയും വിനയപൂര്‍വം ക്ഷണിക്കുകയാണ്. ഇതു നമ്മുടെ സാംസ്‌ക്കാരിക തനിമയുടെ ആഘോഷമാണ്. നമ്മുടെ വരുംതലമുറയിലെ കലാകാരന്മാരെയും കലാകാരികളെയും പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെയെല്ലാം കടമയാണ്. ഒപ്പം എല്ലാം മറന്ന് നാം ഒരു ദിവസം ഈ സാംസ്‌ക്കാരിക ഉത്സവത്തിന്റെ ഭാഗമാവുകയും ചെയ്യുന്നു. ഒരിക്കല്‍ കൂടി എല്ലാവരെയും യുക്മ ദേശീയ കലാമേളയിലേക്കു സ്വാഗതം ചെയ്യുന്നു.

കലാമേള നഗറിന്റെ മേല്‍വിലാസം താഴെ കൊടുക്കുന്നു:

ONV Nagar, Myton School, Myton Road, Warwick CV34 6PJ

നവംബര്‍ അഞ്ചിന് കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ
ഏറ്റവും സ്‌നേഹപൂര്‍വ്വം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.