1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2016

ബാല സജീവ് കുമാര്‍: ഹണ്ടിംങ്ടണില്‍ നിന്നും കവന്‍ട്രിയിലേക്ക് എത്തുമ്പോള്‍ : യു.കെ. മലയാളികള്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന യുക്മ ദേശീയ കലാമേള 2016. യുക്മ എന്ന സംഘടനയെ കക്ഷിരാഷ്ട്രീയജാതിമത വ്യത്യാസങ്ങളില്ലാതെ യു.കെ മലയാളികള്‍ നെഞ്ചിലേറ്റുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന് എല്ലാ വര്‍ഷവും പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും ഇടനല്‍കാതെ നടത്തി വരുന്ന ദേശീയ കലാമേളയാണ്. ഏഴാമത് യുക്മ ദേശീയ കലാമേള 2016 നവംബര്‍ 5 ശനിയാഴ്ച്ച കവന്‍ട്രിയില്‍ വച്ച് നടത്തപ്പെടുന്നതില്‍ പങ്കുചേരുന്നതിന് ആവേശപൂര്‍വം കാത്തിരിക്കുകയാണ് യു.കെ മലയാളികള്‍. യുക്മ ദേശീയ കലാമേളകളില്‍ ജനപങ്കാളിത്തം കുറഞ്ഞുവരുന്നു എന്ന തരത്തിലുള്ള പ്രചരണം ശക്തമായി നടന്നുവരുന്നതിനിടെയാണ് ആറാമത് കലാമേള കഴിഞ്ഞ വര്‍ഷം നവംബര്‍ 21ന് ഹണ്ടിംങ്ടണില്‍ വച്ച് നടത്തപ്പെടുന്നത്. എന്നാല്‍ സംഘാടകരുടെ പോലും പ്രതീക്ഷകളെ കവച്ചുവയ്ക്കുന്ന തരത്തിലാണ് കലയെ സ്‌നേഹിക്കുന്ന യു.കെ മലയാളികള്‍ ഹണ്ടിംങ്ടണിലെ എം.എസ്.വി. നഗര്‍ എന്നു നാമകരണം ചെയ്ത സെന്റ് ഐവോ സ്‌കൂളിലേയ്ക്ക് ഒഴുകിയെത്തിയത്. ഏകദേശം അയ്യായിരത്തോളും ആളുകളാണ് അന്നേ ദിവസം കലോത്സവനഗരിയില്‍ എത്തിച്ചേര്‍ന്നത്.

ദേശീയ കലാമേളയ്ക്ക് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത് യുക്മയുടെ ഏറ്റവും കരുത്തുറ്റ റീജിയണുകളിലൊന്നായ മിഡ്‌ലാന്‍ഡ്‌സ് റീജിയണും മിഡ്‌ലാന്‍ഡ്‌സ് ലെ ഏറ്റവും ശക്തമായ മലയാളി സംഘടകളിലൊന്നായ കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയും സംയുക്തമായിട്ടാണ്. ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ ആതിഥേയത്വം വഹിച്ച കഴിഞ്ഞ വര്‍ഷത്തെ കലാമേളയേക്കാള്‍ മനോഹരമായ രീതിയില്‍ നടത്തണം എന്ന വാശിയോട് കൂടിത്തന്നെയാണ് സംഘാടകര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നത്. മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ ഇത് മൂന്നാം തവണയാണ് കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. 2012 ല്‍ സ്‌റ്റോക്ക് ഓണ്‍ ട്രന്റിലും 2014ല്‍ ലെസ്റ്ററില്‍ വച്ചും ദേശീയ കലാമേളകള്‍ നടത്തി മികവ് തെളിയിച്ചിട്ടുള്ള റീജിയണാണ് മിഡ്‌ലാന്‍ഡ്‌സ് . മൂന്നാമത് തവണ ദേശീയ കലാമേളയ്ക്ക് മിഡ്‌ലാന്‍ഡ്‌സ് ആതിഥേയത്വം വഹിക്കുമ്പോള്‍ കലാപ്രേമികളായ യു.കെ മലയാളികളുടെ വലിയ പങ്കാളിത്തമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മത്സരാര്‍ത്ഥികളുടെ എണ്ണത്തില്‍ മുന്‍പ് നടന്ന ആറ് കലാമേളകളേക്കാള്‍ മുന്നിലായിരിക്കും കവന്‍ട്രിയില്‍ നടക്കാനിരിക്കുന്നതെന്ന് ഉറപ്പായിക്കഴിഞ്ഞു. എല്ലാ പ്രധാന റീജണുകളിലും എല്ലാ മത്സര ഇനങ്ങളിലും തന്നെ വാശിയേറിയ പോരാട്ടത്തിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ വളരെ ചെറിയ തോതില്‍ കലാമേളകള്‍ നടത്തപ്പെട്ടിരുന്ന റീജണുകളിലും ഇത്തവണ എല്ലാ ഇനങ്ങളിലും തന്നെ മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. അതുകൊണ്ട് തന്നെ മത്സരാര്‍ത്ഥികളിലൂടെ തന്നെ ഏഴാമത് കലാമേള മറ്റെല്ലാറ്റിനേയും മറികടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഈ കലാവിരുന്നിന് സാക്ഷ്യം വഹിക്കുവാനും പങ്കെടുക്കുവാനുമായി എത്തിച്ചേരുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട് സംഘാടകര്‍. മതിയായ സൗജന്യ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. മിതമായ നിരക്കിലുള്ളതുമായ ഭക്ഷണശാലകള്‍ കലാമേള നഗരിയില്‍ രാവിലെ മുതല്‍ പ്രവര്‍ത്തിക്കുന്നതാണ്. കൂടാതെ എല്ലാവിധ സംവിധാനങ്ങളോടും കൂടിയ മെഡിക്കല്‍ ടീം മുഴുവന്‍ സമയവും കലാനഗരിയിലുണ്ടാവും.

കവന്‍ട്രിയിലെ വാര്‍വിക് മെറ്റന്‍ സ്‌കൂളില്‍ നവംബര്‍ അഞ്ചിന് നടക്കുന്ന യുക്മ ദേശീയ കലാമേള 2016 ഒരു മഹാസംഭവമാക്കി മാറ്റുന്നതിനു സംഘാടകര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ തങ്ങളുടെ റീജണല്‍ മത്സരങ്ങളില്‍ വിജയികളായവരെ മുഴുവനും ദേശീയ കലാമേളയില്‍ പങ്കെടുപ്പിക്കുന്നതിനുള്ള സജീവമായ ശ്രമത്തിലാണ് റീജണല്‍ ഭാരവാഹികള്‍. ഇതുവരെയും ഒരു റീജിയണും യുക്മ ദേശീയ കലാമേളയില്‍ ഹാട്രിക്ക് വിജയം കൈവരിക്കുവാന്‍ സാധിച്ചിട്ടില്ല. ആദ്യ രണ്ട് കലാമേളകളില്‍ സൗത്ത് റീജിയണ്‍ ചാമ്പ്യന്മാരായപ്പോള്‍ പിന്നീടുള്ള രണ്ട് വട്ടം മിഡ്‌ലാന്‍ഡ്‌സ് ആയിരുന്നു ജേതാക്കള്‍. ലെസ്റ്ററില്‍ നടന്ന കലാമേള 2015ല്‍ മിഡ്‌ലാന്റ്‌സ് ഹാട്രിക്ക് ജേതാക്കളാവും എന്നു കരുതപ്പെട്ടിരുന്നുവെങ്കിലും ഈസ്റ്റ് ആംഗ്ലിയ അട്ടിമറി ജയം നേടി. പക്ഷേ ഈ പരാജയത്തിന് ഈസ്റ്റ് ആംഗ്ലിയയിലെ ഹണ്ടിംഗ്ടണില്‍ നടന്ന കഴിഞ്ഞ വര്‍ഷത്തെ കലാമേളയില്‍ ജേതാക്കളായി മിഡ്‌ലാന്‍ഡ്‌സ് പകരം വീട്ടി. റീജനല്‍ കലാമേളയിലെ വിജയികളെ നാഷണല്‍ കലാമേളയില്‍ പങ്കെടുപ്പിക്കുന്നതിലാണ് റീജണല്‍ ഭാരവാഹികളുടെ മിടുക്ക് പ്രകടമാക്കേണ്ടത്. എല്ലാ റീജിയണുകളുടേയും ഭാരവാഹികള്‍ ഇതിനായിട്ടുള്ള തീവ്രശ്രമത്തിലാണ്. അങ്ങനെ പോരാട്ടം കടുത്തതാവുമ്പോള്‍ അത് വീക്ഷിക്കാനും മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാനുമായി യു.കെയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ള കലാപ്രേമികള്‍ കവന്‍ട്രിയിലേയ്ക്ക് ഒഴുകിയെത്തുമെന്നുള്ളത് തീര്‍ച്ചയാണ്.

വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ മഹാനായ വില്യം ഷേക്‌സ്പിയറിന്റെ ജന്മസ്ഥലം എന്ന നിലയില്‍ പ്രശസ്തമായ വാര്‍വിക്ഷെയറിലെ മൈറ്റന്‍ സ്‌ക്കൂളിലാണ് യുക്മ ദേശീയ കലാമേള 2016 നടക്കുവാന്‍ പോകുന്നത്. കലാമേള നഗരിയാവട്ടെ നാമധേയം ചെയ്യപ്പെട്ടിരിക്കുന്നത് മലയാള ഭാഷയിലെ അനശ്വരസാഹിത്യകാരന്‍ യശ്ശശരീരനായ ഒ.എന്‍.വിയുടെ പേരിലും. കലാപ്രേമികളെ സംബന്ധിച്ചടത്തോളും ഇവ രണ്ടും ശുഭസൂചകങ്ങളായ അടയാളങ്ങളാണ്. ഒപ്പം ആഗോള മലയാളിസംഘടനകള്‍ക്കിടയില്‍ ഒരു പതിറ്റാണ്ടിനുള്ളില്‍ തന്നെ ശ്രദ്ധേയമായ പ്രവര്‍ത്തനശൈലിയുമായി മുന്നേറുന്ന യുക്മയുടെ സംഘാടകശേഷി കൂടി ഒത്തുചേരുമ്പോള്‍ ഇത്തവണത്തെ ദേശീയ കലാമേള പൊടിപൂരമായി മാറും. മിഡ്‌ലാന്‍ഡ്‌സ് റീജിയണും കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയും സംയുക്തമായി കലാമേള 2016ന് ആതിഥേയത്വം വഹിക്കുമ്പോള്‍ കലാമേളയുടെ സമ്പൂര്‍ണ്ണ വിജയത്തിനായി ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ഉപസമിതിയാണ് എല്ലാറ്റിനും മേല്‍നോട്ടം വഹിക്കുന്നത്.

കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്ന റീജിയണേയും അസോസിയേഷനേയും കണ്ടെത്തുന്നത് പോലെ തന്നെ പ്രധാന്യമേറിയ ഒന്നാണ് നടത്തപ്പെടുന്ന സ്ഥാപനവും സൗകര്യങ്ങളും. രാവിലെ മുതല്‍ അര്‍ദ്ധരാത്രി വരെ നീളുന്ന ഉദ്ഘാടനം മുതല്‍ സമ്മാനദാനം വരെയുള്ള ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ അയ്യായിരത്തില്പരം ആളുകളെയാണ് ഇത്തവണയും പ്രതീക്ഷിക്കുന്നത്. ഇത്രയധികം ആളുകളെ ഉള്‍ക്കൊള്ളുന്നതിനും അവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കുന്നതുമെല്ലാം ഏറെ ഉത്തരവാദിത്വം നിറഞ്ഞ കാര്യങ്ങളാണ്.

പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു, സെക്രട്ടറി സജീഷ് ടോം, കലാമേള കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള ദേശീയ ഭാരവാഹികളും മറ്റും നാളുകളായി ദേശീയ കലാമേള ഒരു വന്‍വിജയമാക്കുന്നതിനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ്. ഒപ്പം ദേശീയ നേതാക്കളായ ഷാജി തോമസ്, ബീന സെന്‍സ്, അനീഷ് ജോണ്‍, വിജി കെ.പി. എന്നിവരുമുണ്ട്. ആതിഥേയ റീജിയണായ മിഡ്‌ലാന്‍ഡ്‌സ് ആവട്ടെ ജയകുമാര്‍ നായര്‍, ഡിക്‌സ് ജോര്‍ജ്, സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പിന്തുണയാണ് ദേശീയ കലാമേളയുടെ വിജയത്തിന് നല്‍കി വരുന്നത്. കൂടാതെ സി.കെ.സി നേതാക്കളായ പോള്‍സണ്‍ മത്തായി, ജോണ്‍സണ്‍ യോഹന്നാന്‍ എന്നിവരുടെ നേതൃത്വത്തില്‍ കവന്‍ട്രി മലയാളികളും വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.