സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വേട്ടയാടുന്നത് തുടരുന്നു, 10000 ത്തോളം പേരെ പിരിച്ചുവിട്ടു. അട്ടിമറി ശ്രമത്തിന്റെ പേരിലാണ് 10,131 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെക്കൂടി കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. ഈയിടെയുണ്ടായ സൈനികഅട്ടിമറി ശ്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് ആരോപിക്കപ്പെടുന്ന ഫെത്തുള്ള ഗുലെനുമായി ബന്ധം പുലര്‍ത്തിയവരാണ് പുറത്താക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നീതിന്യായ മന്ത്രാലയത്തിലെ 2534 പേരും വിദ്യാഭ്യാസമന്ത്രാലയത്തിലെ 2219 പേരും ആരോഗ്യമന്ത്രാലയത്തിലെ 2774 പേരും പിരിച്ചുവിടപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കുര്‍ദിഷ് നിയന്ത്രണത്തിലുള്ള 15 മാധ്യമ ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്തു.
അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് ജഡ്ജിമാര്‍, പ്രോസിക്യൂട്ടര്‍മാര്‍, സൈനിക, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി ഒരു ലക്ഷത്തോളം ഉദ്യോഗസ്ഥരെ ഇതിനകം സസ്പെന്‍ഡു ചെയ്യുകയോ പിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. 37000 പേരെ അറസ്റ്റ് ചെയ്തു.
ഗുലെന് അനുയായികളെ പുറത്താക്കി സര്‍ക്കാര്‍ സര്‍വീസില്‍ ശുദ്ധീകരണം നടത്തേണ്ടത് ആവശ്യമാണെന്നാണ് തുര്‍ക്കി ഭരണകൂടത്തിന്റെ നിലപാട്. യുഎസില്‍ അഭയം തേടിയിരിക്കുന്ന മതപുരോഹിതനും പ്രസിഡന്റ് എര്‍ദോഗന്റെ ബദ്ധശത്രുവുമായ ഗുലെനെ വിട്ടുകിട്ടണമെന്നു തുര്‍ക്കി ഔദ്യോഗികമായി അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല