സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): പരിശുദ്ധ അമ്മയുടെ ജീവിതവിശുദ്ധിയും, സഹനവും കുടുംബങ്ങളില്‍ പ്രാവര്‍ത്തികമാക്കുവാനും, ജപമാലയുടെ ശക്തിയില്‍ കുടുംബങ്ങളെ ബലവത്താക്കി മാറ്റുവാനും മാര്‍.ജോസഫ് ശ്രാമ്പിക്കല്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. മാഞ്ചസ്റ്ററില്‍ ഇടവക ദിനവും,സണ്‍ഡേ സ്കൂള്‍ വാര്‍ഷികവുംഉത്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. മാര്‍ ജോസഫ് ശ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ദിവ്യ ബലിയോടെ ആരംഭിച്ച പരിപാടികള്‍ രാത്രി വൈകി കലാസന്ധ്യയോടെയാണ് സമാപിച്ചത്.ഭക്തി നിര്‍ഭരമായ തിരുക്കര്‍മങ്ങളും,കണ്ണഞ്ചിപ്പിക്കുന്ന ഒരുപിടി കലാപരിപാടികളും ഒത്തുചേര്‍ന്നപ്പോള്‍ എന്നും മനസ്സില്‍ സൂക്ഷിക്കാനാവുന്ന നല്ലൊരുആഘോഷരാവിനാണ് മാഞ്ചസ്റ്റര്‍ മലയാളികള്‍ സാക്ഷ്യം വഹിച്ചത്.
മാഞ്ചസ്റ്ററിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ ഞാറാഴ്ച്ച ഉച്ചക്ക് ഒരുമണിക്ക് ജപമാലയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.തുടര്‍ന്ന് നടന്ന ആഘോഷപൂര്‍വ്വമായ ദിവ്യബലിയില്‍ മാര്‍.ജോസഫ് ശ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികനായപ്പോള്‍,റവ.ഡോ.ലോനപ്പന് അരങ്ങാശേരി.ഫാ.ക്രിസ് മാത്യൂസ്,ഫാ.മൈക്കിള്‍ മുറെ,ഫാ.ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവര്‍ സഹ കാര്‍മ്മികരായി.ദിവ്യബലി മദ്ധ്യേ മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
തിരുക്കര്‍മ്മങ്ങളെ തുടര്‍ന്ന് സെയില്‍ കമ്യുണിറ്റി ഹാളില്‍ മാതൃവേദിപ്രവര്ത്തകര് അഭിവന്ദ്യ പിതാവിനെയും,മറ്റ് വിശിഷ്ട വ്യക്തികളെയും സ്വീകരിച്ചാനയിച്ചതോടെ പൊതുസമ്മേളനത്തിന് തുടക്കമായി.ഇടവക വികാരി റവ ഡോ ലോനപ്പന് അരങ്ങാശേരി ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.മാര്‍.ജോസഫ് ശ്രാമ്പിക്കല്‍ ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്തു സംസാരിച്ചു.
ഷ്രൂഷ്ബറി രൂപതാ വികാരി ജനറല്‍ ഫാ.മൈക്കിള്‍ ഗാനന് ,വിഥിന്‍ഷോ എംപി മൈക്ക് കെയിന്‍,ഫാ.ക്രിസ് മാത്യൂസ് , ഫാ.മൈക്കിള്‍ മുറെ,ഫാ.ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവരും ആശംസകള്‍ അര്‍പ്പിച്ചുസംസാരിച്ചു. സെക്രട്ടറി റിന്‍സി സജിത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചതോടെ വിദ്യാര്‍ത്ഥികളുടെ പരിപാടികള്‍ നിര നിരയായി വേദിയില്‍ എത്തിത്തുടങ്ങി.ആര്‍പ്പുവിളികളോടെയും ഹര്ഷാരവങ്ങളോടുമാണ് കാണികള്‍ ഓരോ പരിപാടിയും വരവേറ്റത്.
കുട്ടികളുടെ പരിപാടികളെ തുടര്‍ന്ന് ചേര്‍ന്ന സെക്കന്‍ഡ് സെക്ഷനില്‍ റിട്ടയര്‍ ചെയ്യുന്ന വിഥിന്‍ഷോ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.മൈക്കിള്‍ മുറേ ക്കു മാഞ്ചസ്റ്റര്‍ മലയാളികളുടെ സ്നേഹോപഹാരം ബിഷപ്പ് ജോസഫ് ശ്രാമ്പിക്കല്‍ കൈമാറി.തുടന്ന് 5 വര്‍ഷത്തില്‍ ഏറെയായി സണ്‍ഡേ സ്കൂളില്‍ സേവനം ചെയ്യുന്ന ടീച്ചേഴ്സിനും,കലാ കായിക മത്സരങ്ങളിലും,പഠനത്തിലും ഉന്നത വിജയം നേടിയ കുട്ടികള്‍ക്കും,വിവാഹ ജീവിതത്തില്‍ 25 വര്‍ഷം പൂത്തിയാക്കിയ തോമസ്മോളി ദമ്പതികള്‍ക്കും ,കമ്യുണിറ്റിക്ക് വേണ്ടി മികച്ച സേവനം കാഴ്ച വെച്ച നോയല്‍ ജോര്‍ജ്,മിന്റോ ആന്റണി എന്നിവര്‍ക്കും മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ ഉപഹാരങ്ങള്‍ കൈമാറി.ഇതേ തുടര്‍ന്ന് സണ്‍ഡേ സ്കൂള്‍ ഹെഡ്ടീച്ചര് ബോബി അഗസ്റ്റിന് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തിയതോടെ മുതിര്‍ന്നവരുടെ പരിപാടികള്‍ക്ക് തുടക്കമായി.
ബൈബിള്‍ അധിഷ്ഠിതമായ മാര്‍ഗം കളിയും,ഒപ്പനയും,നാടകവുംഏറെ ഹര്‍ഷാരവങ്ങളോടെയാണ് കാണികള്‍ സ്വീകരിച്ചത്.ബൈബിളിലെ അബ്രാഹാമിന്റെ കഥ പറഞ്ഞ നാടകവും മികച്ച നിലവാരം പുലര്‍ത്തി .സ്നേഹ,അഭിഷേക് അലക്സ്,ലിനറ്റ് ജോബി,എന്നിവര്‍ അവതാരകരായി തിളങ്ങിയപ്പോള്‍ .പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.അഞ്ജുവിന്റെ നേതൃപാടവം ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതായി പരിപാടികള്‍.വിഭവ സമൃദ്ധമായ ഡിന്നറോടെയാണ് പരിപാടികള്‍ സമാപിച്ചത്.ഇടവ വികാരി റവ.ഡോ ലോനപ്പന് അരങ്ങാശേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച വിവിധ കമ്മറ്റികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ചിത്രങ്ങള്‍ കാണുവാന്‍ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല