1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2016

സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സ് ഇന്ത്യന്‍ വ്യാപാര കരാറുകള്‍ക്കായി കോടികള്‍ കൈക്കൂലി നല്‍കിയതായി ആരോപണം. ബ്രിട്ടനിലെ പ്രമുഖ വിമാന എഞ്ചിന്‍ നിര്‍മ്മാണ കമ്പനിയായ റോള്‍സ് റോയ്‌സ് ഇന്ത്യ അടക്കമുള്ള 12 രാജ്യങ്ങളില്‍ ഇടപാടുകള്‍ ഉറപ്പിക്കാന്‍ വന്‍തുക കോഴ നല്‍കിയതായും ഇടപാടുകള്‍ക്കായി ഏജന്റുമാരുടെ ഒരു ശൃംഖല തന്നെ സ്ഥാപിച്ചതായും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ആയുധ വ്യാപാരിയായ സുധീര്‍ ചൗധരി എന്ന ഇടനിലക്കാരന്‍ വഴിയാണ് 10 മില്യണ്‍ പൗണ്ട് റോള്‍സ് റോയ്‌സ് ഇന്ത്യയിലേക്ക് ഒഴുക്കിയത്. ചൗധരിയുടെ മകന്‍ ഭാനുവും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആയുധ വ്യാപാരിയായ പീറ്റര്‍ ജിഞ്ചറുമായി ഭാനു 2007 ല്‍ സ്വിറ്റ്‌സര്‍ലാന്റില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും രഹസ്യ അക്കൗണ്ട് വഴി വന്‍തുക കൈമാറിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ‘പോട്‌സ്മൗത്ത്’ എന്ന കള്ളപ്പേരിലാണ് അക്കൗണ്ട് തുറന്നിരുന്നത്. ഈ അക്കൗണ്ടില്‍ ഒരു മില്യണ്‍ സ്വിസ് ഫ്രാങ്ക് അവശേഷിക്കുന്നുണ്ടെന്നും ബിബിസിയുടെ പനോരമ ടീം കണ്ടെത്തിയിരുന്നു.

പീറ്റര്‍ ജിഞ്ചറാണ് റോള്‍സ് റോയിസിന്റെ ഹോക് എയര്‍ക്രാഫ്ട് ഭാഗങ്ങള്‍ ഇന്ത്യയില്‍ എത്തിക്കുന്നതിന് ചുക്കാന്‍ പിടിച്ചത്. ഇവര്‍ വഴി 400 മില്യണ്‍ പൗണ്ടിന്റെ എയര്‍ക്രാഫ്ട് എഞ്ചിന്‍ ഇടപാട് നടന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. 2002 മുതല്‍ ഭാനു ചൗധരി രണ്ട് ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍സ് കമ്പനികളില്‍ ഡയറക്ടറാണ്. 2007 ല്‍ പുതുതായി രൂപീകരിച്ച രണ്ട് സീഷെല്‍സ് കമ്പനികളിലും ഭാനു ഡയറക്ടറും മുഖ്യ ഓഹരി പങ്കാളിയുമാണ്.

ചൗധരിയേയും മകനേയും മുന്‍പ് സീരിയസ് ഫ്രോഡ് ഓഫീസ് (എസ്.എഫ്.ഒ) അധികൃതര്‍ അറസ്റ്റു ചെയ്തു ചോദ്യം ചെയ്തുവെങ്കിലും കുറ്റം ചുമത്താതെ വിട്ടയക്കുകയായിരുന്നു. ദ ഗാര്‍ഡിയനും ബിബിസിയും നടത്തിയ അന്വേഷണത്തില്‍ കമ്പനിയില്‍ നിന്നും ചോര്‍ത്തിയെടുത്ത രേഖകളുടെയും ചില ഉദ്യോഗസ്ഥരുടെയും മൊഴികളെയും അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട്. നിയമവിരുദ്ധമായി നല്‍കിയ പണം വഴി കമ്പനി നേട്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏജന്റുമാരുടെ ഈ ശൃംഖലയ്‌ക്കെതിരെ ബ്രിട്ടണിലേയും അമേരിക്കയിലേയും അഴിമതി വിരുദ്ധ വിഭാഗങ്ങള്‍ അന്വേഷണം നടത്തുന്നുണ്ട്.

കമ്പനി നിയോഗിച്ച ഇടനിലക്കാരാണ് വേണ്ടപ്പെട്ടവര്‍ക്ക് കൈക്കൂലി എത്തിച്ചിരുന്നത്. യാത്രവിമാനങ്ങള്‍ക്കും സൈനിക വിമാനങ്ങള്‍ക്കുമുള്ള ടര്‍ബിനുകളും എഞ്ചിനുകളും നിര്‍മ്മിച്ച് വില്‍ക്കുന്നതില്‍ മുന്‍പന്തിയിലുള്ള കമ്പനിയാണ് റോള്‍സ് റോയ്‌സ്. ഇന്ത്യയ്ക്കു പുറമേ ബ്രസീല്‍, ചൈന, ഇന്തോനീഷ്യ, ദക്ഷിണാഫ്രിക്ക, അങ്കോള, ഇറാഖ്, ഇറാന്‍, കസാക്കിസ്ഥാന്‍, അസെര്‍ബെയ്ജാന്‍, നൈജീരിയ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കും റോള്‍സ് റോയ്‌സിന്റെ കോഴപ്പണം എത്തിയതയാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.