സ്വന്തം ലേഖകന്‍: സൗദി രാജകുടുംബാംഗത്തിന് തടവും ചാട്ടവാറടിയും, സൗദി നീതിന്യായ വ്യവസ്ഥ വീണ്ടും താരമാകുന്നു. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്ന് സമര്‍ഥിക്കുന്ന മറ്റൊരു സംഭവം കൂടി സൗദി അറേബ്യയില്‍ നിന്ന് പുറത്തുവന്നിരിക്കുകയാണ്. ഒരു കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ രാജകുമാരനാണ് കോടതി ഉത്തരവ് പ്രകാരം തടവുശിക്ഷയും ചാട്ടവാറടിയും നല്‍കിയത്.
രാജകുടുംബാംഗമായ യുവാവിനെ ജിദ്ദയിലെ ജയിലില്‍ ശിക്ഷയ്ക്ക് വിധേയനാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ടാഴ്ചക്കു മുന്‍പാണ് കൊലപാതകക്കേസില്‍ കുറ്റക്കാരനായ മറ്റൊരു രാജകുമാരന്റെ വധശിക്ഷ നടപ്പാക്കിയത്.
അതേസമയം, ചാട്ടവാറടി ലഭിച്ച രാജകുമാരന്റെ പേരോ ഇദ്ദേഹത്തിന്റെ പേരിലുള്ള കുറ്റകൃത്യമോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച ജയിലില്‍ എത്തിയ പോലീസുകാര്‍ രാജകുമാരന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷമാണ് ചാട്ടവാറടി നടപ്പാക്കിയത്.
എന്നാല്‍ ശിക്ഷയെ കുറിച്ച് സൗദി നീതിന്യായ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. ഒക്‌ടോബര്‍ 19 ന് കൊലപാതക്കേസിലെ പ്രതിയായ സൗദി രാജകുമാരന്റെ വധശിക്ഷ നടപ്പാക്കിയത്. തുര്‍കി ബിന്‍ സൗദ് അല്‍ കബീര്‍ രാജകുമാരനാണ് അദെല്‍ അല്‍ മുഹമ്മദീന്‍ എന്നയാളെ വെടിവച്ചുകൊന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ടത്. വലിപ്പച്ചെറുപ്പം നോക്കാതെയുള്ള സൗദി നീതിന്യായ വ്യവസ്ഥയുടെ പ്രവര്‍ത്തനം ലോക മാധ്യമങ്ങളുടെയടക്കം പ്രശംസ പിടിച്ചുപറ്റിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല