സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ലൈംഗിക അടിമയായിരുന്ന 17 കാരി യസീദി പെണ്‍കുട്ടിക്ക് പറയാനുള്ളത് നരകക്കാഴ്ചകളുടെ കഥകള്‍. ഐഎസിന് കീഴില്‍ 27 മാസത്തോളം ലൈംഗികാടിമയായിരുന്ന ബാസിമയെന്ന 17 കാരിയെയാണ് സിറിയയില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചത്. 2014 ആഗസ്റ്റ് 3 നാണ് ബാസിമയേയും കുടുംബത്തേയും യസീദി നഗരമായ സീഞ്ഞാറില്‍ നാട്ടുകാരെ സാത്താന്‍ സേവക്കാര്‍ എന്ന് പറഞ്ഞ് പിടിച്ചുകൊണ്ടു പോയത്.
ഗ്രാമവാസികള്‍ തീവ്രവാദി സംഘത്തെ പേടിച്ച് സീഞ്ഞാര്‍ മലനിരയിലേക്ക് കയറുകയും അവിടെ വെള്ളവും ആഹാരവുമില്ലാതെ കടുത്ത ചൂടില്‍ കഴിയുകയും ചെയ്യുകയായിരുന്നു. ഒരിക്കല്‍ വെള്ളമെടുക്കാന്‍ ഒളിച്ചും പാത്തും ഗ്രാമത്തിലെത്തിയപ്പോഴായിരുന്നു പിടിക്കപ്പെട്ടത്. ആദ്യം ഇവരെ ടോല്‍ അഫറിലെ ഒരു സ്‌കൂളിലേക്ക് കൊണ്ടുപോയി. അവിടെ 20 ദിവസം പാര്‍പ്പിച്ചു.
കഴിക്കാനോ കുടിക്കാനോ ഒന്നും തന്നിരുന്നില്ല. കുട്ടികള്‍ക്ക് കിട്ടിയിരുന്ന ചെറിയ ഭക്ഷണം ബാത്ത്‌റൂമില്‍ കൊണ്ടുപോയി എല്ലാവരും പങ്കുവെച്ച് കഴിക്കുമായിരുന്നു. പിടിക്കപ്പെട്ടാല്‍ കടുത്ത പീഡനമായിരുന്നെന്ന് ബാസിമ പറയുന്നു. അനേകം കുട്ടികള്‍ വിശന്നു മരിച്ചു. കുടിക്കാന്‍ നല്‍കിയിരുന്നത് മലിന ജലമായിരുന്നു. അതും അല്‍പ്പം മാത്രം. ആ വെള്ളത്തില്‍ സമീപത്ത നിന്നും കണ്ടെത്തിയ ടൂത്ത് പേസ്റ്റ് കലക്കി പാലാണെന്ന് വിചാരിച്ച് കുടിക്കുമായിരുന്നു.
നിര്‍ജ്ജലീകരണം മൂലം മരിക്കാതെ സഹായിച്ചത് ഈ വെള്ളമായിരുന്നു. പിന്നീട് ഇവരെ മൊസൂളിലേക്ക് മാറ്റി. ഒരു ആഘോഷ വേദിയിലേക്കാണ് കൊണ്ടുപോയത്. കുട്ടികളുടെ ദാഹം മാറ്റാന്‍ ഒരു ഘട്ടത്തില്‍ മുതര്‍ന്നവരുടെ മൂത്രം വരെ കൊടുത്തെന്നും ബാസിമ പറയുന്നു. ആഹാരം കിട്ടാതെയും വെള്ളം കുടിക്കാതെയും എല്ലാവരും രോഗികളായി മാറി. രാത്രിയില്‍ കന്യകയാണോ എന്നറിയാന്‍ ഐഎസിന്റെ ആള്‍ക്കാര്‍ വന്നു.
പിന്നീട് എട്ട് വയസ്സ് മുതലുള്ള പെണ്‍കുട്ടികളെ സിഗററ്റിന് പോലും വിറ്റെന്നും ഇവര്‍ പറയുന്നു. തങ്ങളെ ആരും ആകര്‍ഷിക്കാതിരിക്കാന്‍ കണ്ടാല്‍ വൃത്തികെട്ട ആണ്‍കുട്ടികളെ പോലെ നില്‍ക്കാന്‍ ശ്രമിക്കുമായിരുന്നു.
പൊട്ടിയ ഒരു പ്ലെയ്റ്റിന്റെ കഷ്ണം കൊണ്ടു പോലും തല വടിക്കുകയും പുരുഷ വസ്ത്രം ധരിക്കുകയും ചെയ്തു. അതേസമയം അഥവാ ആണ്‍കുട്ടികളാണെന്ന് വിചാരിച്ച് എടുത്തുകൊണ്ടു പോയാല്‍ ബലാത്സംഗം ചെയ്യുന്നതിന് പകരം കൊല്ലുമോയെന്ന് ഭയപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ സൂത്രം കണ്ടുപിടിച്ച ഭീകരര്‍ പിന്നീട് അടുത്തേക്ക് വന്ന് എല്ലാവരും നോക്കി നില്‍ക്കേ വസ്ത്രമുരിഞ്ഞ് നോക്കുക പതിവായി. നൂറു കണക്കിന് പേര്‍ നോക്കി നില്‍ക്കേ ശരീരത്ത് എല്ലായിടത്തും സ്പര്‍ശിച്ചു. ലൈംഗികമായി ദുരുപയോഗം ചെയ്തു. സഹോദരനും പിതാവും നോക്കി നില്‍ക്കുമ്പോഴായിരുന്നു ഇത്. പിതാവിനെയും സഹോദരനെയും അവസാനമായി കണ്ടതും അന്നായിരുന്നെന്ന് ബാസിമ പറയുന്നു. ഐഎസ് പിടിച്ചുകൊണ്ടുപോയ തങ്ങളുടെ പിതാവിനെയും സഹോദരനെയും കുറിച്ച് ഒരു വിവരവുമില്ലെന്നും ബാസിമ കണ്ണീരോടെ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല