സ്വന്തം ലേഖകന്‍: ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയ കൂട്ടബലാത്സംഗ കേസിലെ മുഖ്യന് സിപിഎം വടക്കഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ജയന്തന്, ബലാത്സംഗം ചെയ്തവരില്‍ ആരാണ് കൂടുതല്‍ സുഖം നല്‍കിയതെന്ന് പരാതി അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്റെ ചോദ്യം, പത്രസമ്മേളനത്തില്‍ യുവതി വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ചലച്ചിത്രതാരവുമായ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയ കൂട്ടബലാത്സംഗ കേസിലെ പ്രധാനി തൃശൂര്‍ വടക്കാഞ്ചേരിയിലെ സിപിഐഎം നഗരസഭാ കൗണ്‍സിലറും പ്രാദേശിക നേതാവുമായ പി.എന്‍. ജയന്തനാണ്. ഒപ്പം വിനീഷ്, ജനീഷ്, ഷിബു എന്നിവരാണ് മറ്റ് കുറ്റാരോപിതര്‍.
തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും ഭര്‍ത്താവും ഭാഗ്യലക്ഷ്മിയും ചേര്‍ന്നാണ് ഇവരുടെ പേരും മറ്റുവിവരങ്ങളും പരസ്യപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെക്കുറിച്ചും പൊലീസ് ഇതില്‍ നടപടി എടുക്കാത്തതിനെക്കുറിച്ചുമുളള വിവരങ്ങള്‍ പുറത്തുവിട്ടത്. പരാതിക്കാരായ യുവതിയും ഭര്‍ത്താവും മുഖം മറച്ചാണ് പത്രസമ്മേളനത്തിനെത്തിയത്. ഒരുപാട് മാനസിക പീഡനമേറ്റിട്ടുളളത് കൊണ്ടാണ് ഇതിന്റെ പേരില്‍ മുഖം മറയ്ക്കുന്നതെന്നും സാഹചര്യങ്ങള്‍ ഉള്ക്കൊളളണ്ണമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
കരച്ചിലോടെയാണ് യുവതി പത്രസമ്മേളനം ആരംഭിച്ചത്. കടുത്ത മാനസിക പീഡനമാണ് പൊലീസ് സ്റ്റേഷനില്‍ നിന്നും ഏല്‍ക്കേണ്ടി വന്നതെന്ന് തേങ്ങലോടെയാണ് യുവതി വ്യക്തമാക്കിയത്. പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ നിന്നും വ്യത്യസ്ത്യമായി മജിസ്ട്രേറ്റിന് താന്‍ മൊഴി നല്‍കിയത് പീഡിപ്പിച്ച നാലുപേരും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ്. പൊലീസും ഇതിനായി സമ്മര്‍ദ്ദം ചെലുത്തി. മജിസ്ട്രേറ്റിന് മുന്നില്‍ തിരുത്തിപ്പറയേണ്ട മൊഴികള്‍ പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് തന്നെ പഠിപ്പിച്ചത്. ഇവര്‍ക്കെതിരായി വല്ലതും പറഞ്ഞാല്‍ കുട്ടികളെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. മജിസ്ട്രേറ്റിന് മുന്നില്‍ താന്‍ മൊഴി നല്കുന്ന സമയത്ത് ഭര്‍ത്താവിനെ ഇവര്‍ കാറില്‍ തടഞ്ഞുവെച്ചിരിക്കുകയായിരുന്നെന്നും യുവതി പറഞ്ഞു.
മൊഴി നല്കാന് എത്തിയപ്പോള്‍ സമ്മര്‍ദ്ദമുണ്ടോ എന്ന് തന്നോട് ചോദിച്ചു, അപ്പോള്‍ മജിസ്ട്രേറ്റിന് മുന്നില്‍ നിന്ന് താന്‍ പൊട്ടിക്കരയുകയായിരുന്നെന്നും യുവതി വിശദമാക്കി. വേറൊരു നിര്‍വാഹമുണ്ടായിരുന്നില്ലെന്നും ആരും സഹായത്തിനില്ലായിരുന്നെന്നും അതാണ് പരാതി പിന്‍വലിക്കാന്‍ കാരണമെന്നും യുവതി വിശദമാക്കി. ഒന്നിലേറെ തവണ താന്‍ കൂട്ടബലാത്സംഗത്തിനിരയായെന്നും യുവതി വ്യക്തമാക്കി. ഈ വര്‍ഷം ആഗസ്റ്റ് പതിനാറാം തിയതിയാണ് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെല്ലുന്നത്. ഞങ്ങളെ രണ്ടുപേരെയും പട്ടികളെ പോലെയാണ് പൊലീസ് സ്റ്റേഷനില്‍ ഇരുത്തിയത്. എന്നാല്‍ അവിടെയുളള പൊലീസുകാരില്‍ ചിലര്‍ നല്ലവരാണ്. തുടര്‍ച്ചയായി മൂന്നുദിവസമാണ് പൊലീസ് സ്റ്റേഷനില്‍ മൊഴി എടുക്കാനെന്ന പേരില്‍ വിളിച്ച് അപമാനിച്ചത്. ആള്‍ക്കാരുള്ള സ്ഥലത്ത് നിര്‍ത്തിയിട്ട് കൊണ്ടുപോയി പീഡിപ്പിച്ച സ്ഥലം കാണിച്ചു തരാന്‍ എന്നോട് പൊലീസ് ഒരിക്കല്‍ ആവശ്യപ്പെട്ടു.
പൊലീസും അവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പരാതി പിന്‍വലിക്കുന്നതും മജിസ്ട്രേറ്റിന് മുന്നില്‍ മൊഴിമാറ്റിപ്പറയുന്നതും. പൊലീസ് സ്റ്റേഷനില്‍വെച്ച് എനിക്ക് പരാതിയൊന്നും ഇല്ലെന്ന് അവര്‍ എന്നെക്കൊണ്ട് വെള്ളപേപ്പറില്‍ എഴുതി വാങ്ങിക്കുകയും ചെയ്തു. കേസ് പിന്‍വലിച്ചിട്ടും ഞങ്ങളെ ഈ നാലുപേര്‍ ചേര്‍ന്ന് പിന്നെയും ഉപദ്രവിക്കുകയാണ്. നാട്ടില്‍ കാലുകുത്താന്‍ വയ്യാതെ ഒളിച്ചുനടക്കുകയാണ് ഞങ്ങള്‍. തൃശൂര്‍ പോയാല്‍ ഞങ്ങളെ അവര്‍ കൊല്ലും. ഞങ്ങളെ അവര്‍ എന്തും ചെയ്യാന്‍ മടിക്കില്ല. അത്രയും സഹിക്കവയ്യാതെയാണ് ഭാഗ്യലക്ഷ്മി മേഡത്തിന്റെ അടുക്കലോട്ട് ഞങ്ങള്‍ ചെല്ലുന്നതും.
ഉന്നത രാഷ്ട്രീയ നേതാവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാല്‍സംഗത്തിന് ഇരയാക്കിയ സ്ത്രീയുടെ പരാതിയില്‍ പോലീസ് നടപടിയെടുക്കാതെ ഇരയെ അപമാനിച്ചതായും ഭാഗ്യലക്ഷ്മി എഫ്ബി പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. 2014ലാണ് പരാതിക്ക് ആസ്പദമായ കാര്യങ്ങള്‍ നടക്കുന്നത്. എന്നാല്‍ പേടിമൂലം യുവതി പരാതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി സ്റ്റേഷനിലെത്തുന്നത്. എന്നാല്‍ നാല് പേരെയും സ്റ്റേഷനില്‍ വിളിപ്പിച്ച് അവളുടെ മുന്പില് നിര്‍ത്തി പോലീസ് ഉദ്യോഗസ്ഥന് ചോദിച്ചത് ”ഇവരില്‍ ആര് ചെയ്തപ്പോഴാണ് നിനക്ക് നല്ല സുഖം തോന്നിയത്?”എന്നാണെന്ന് യുവതി പറയുന്നു.
പരാതിക്കാരിയായ യുവതി ഫോര്‍ട്ട്കൊച്ചി സ്വദേശിനിയാണ്. ഭര്‍ത്താവിനൊപ്പം തൃശൂരില്‍ താമസക്കാനും. പ്രതികള്‍ തൃശൂരില്‍ യുവതിയുടെ അയല്‍ക്കാരായിരുന്നു. ആലുവയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവിന് അപകടത്തില്‍ പരിക്ക് പറ്റി എന്നറിയിച്ച് യുവതിയെ കാറില്‍ കൂട്ടിക്കൊണ്ട് പോകുകയും തുടര്‍ന്ന് മെഡിക്കല്‍ കോളെജിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ കയറ്റി പീഡിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. വീഡിയോ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയും കൊല്ലുമെന്ന് പറഞ്ഞും ഇവര്‍ യുവതിയെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.
തൃശൂര്‍ പേരാമംഗലം പൊലീസിലായിരുന്നു യുവതി നാലുപേര്‍ക്കെതിരെ പരാതി നല്‍കിയത്. അന്വേഷണം നടക്കുന്നില്ലെന്നും നടപടി സ്വീകരിക്കില്ലെന്നും വ്യക്തമാക്കി ക്രൈം ഡിറ്റാച്ച്മെന്റ് റൂറല്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. തുടര്‍ന്ന് പേരാമംഗലം സിഐയുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളേജ് പൊലീസായിരുന്നു കേസ് അന്വേഷിച്ചത്.
യുവതിയുടെ ആരോപണങ്ങളെ തുടര്‍ന്ന് കേസിലെ പ്രധാനി സിപിഐഎം പ്രാദേശിക നേതാവ് ജയന്തിനെതിരെ സിപിഐഎം നടപടിയെടുത്തേക്കും. സിപിഐഎം വടക്കാഞ്ചേരി അടിയന്തിര ഏരിയാ കമ്മറ്റി യോഗം നാളെ ചേരും. പേരാമംഗലം സിഐ മണികണ്ഠനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി. അതേസമയം ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് യുവതി ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് കുറ്റാരോപിതനായ സിപിഐഎം വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.എന്‍ ജയന്തനും അന്വേഷണ ഉദ്യോഗസ്ഥനായ സിഐയും. സ്ത്രീകള്‍ വിചാരിച്ചാല്‍ എന്തും ചെയ്യാവുന്ന അവസ്ഥയാണുളളതെന്ന് ജയന്തന് പറഞ്ഞു. പരസ്യമായി തെളിവെടുപ്പ് നടത്തിയിട്ടില്ലെന്നും യുവതിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും പേരാമംഗലം സിഐ മണികണ്ഠന് വ്യക്തമാക്കി.
യുവതിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. യുവതിയുടെ വെളിപ്പെടുത്തലില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല