സ്വന്തം ലേഖകന്‍: മൊസൂളില്‍ലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രം ഇറാഖി സൈന്യം വളഞ്ഞു, തീവ്രവാദികളോട് പേടിച്ചോടരുതെന്ന് ആഹ്വാനം ചെയ്ത് അല്‍ ബാഗ്ദാദിയുടെ ശബ്ദ സന്ദേശം. ആയിരം മടങ്ങ് എളുപ്പമുള്ള അപമാനത്തോടെയുള്ള പിന്തിരിഞ്ഞ് ഓടലിന് പകരം അഭിമാനത്തോടെ മണ്ണ് പിടിച്ചു നിര്‍ത്താനും ദൈവത്തിന്റെ ശത്രുക്കളെ നേരിടാനും സന്ദേശത്തില്‍ ബാഗ്ദാദി ആഹ്വാനം ചെയ്യുന്നു.
ഒരു വര്‍ഷത്തിനിടെ ഇതാദ്യമായിട്ടാണ് ഇത്തരത്തിലുള്ള സന്ദേശം പുറത്തു വരുന്നത്. നിനേവയിലെ ജനങ്ങള്‍, പ്രത്യേകിച്ച് പോരാളികള്‍ ശത്രുവിന്റെ ദൗര്‍ബല്യത്തിനായി കരുതിയിരിക്കുക, വടക്കാന്‍ ഇറാഖി പ്രവിശ്യയുടെ തലസ്ഥാനമാണ് മൊസൂളെന്ന് ഓര്‍ക്കുക എന്നും ബാഗ്ദാദി പറയുന്നു. ഇതിനൊപ്പം അവിശ്വാസികളുടെ നഗരങ്ങള്‍ തച്ചു തകര്‍ക്കാന്‍ ചാവേറുകളാകാനും ആഹ്വാനം ചെയ്തിട്ടുണ്ട്. അവിശ്വാസികളുടെ രാവുകള്‍ ഉറക്കമില്ലാത്തതാക്കി മാറ്റാനും അവരുടെ ഭൂമിയില്‍ രക്തപ്പുഴ ഒഴുക്കാനും ഓഡിയോയില്‍ പറയുന്നുണ്ട്. വിശ്വാസത്തിന്റെ ഉറപ്പ് വര്‍ദ്ധിപ്പിക്കാനും ദൈവേച്ഛ നിറവേറട്ടെയെന്നും പറയുന്നു.
അതേസമയം ബാഗ്ദാദി എവിടെയാണെന്നോ ആരോഗ്യ സ്ഥിതിയെ കുറിച്ചോ റിപ്പോര്‍ട്ടുകളില്‍ ഒരു വിവരവുമില്ല. അപൂര്‍വ്വമായി മാത്രം മൊസൂളില്‍ പ്രത്യക്ഷപ്പെടാറുള്ള ബാഗ്ദാദി സിറിയയെയും ഇറാഖിനെയും ബന്ധിപ്പിച്ച് ഇസ്ളാമിക് സ്റ്റേറ്റ് നിര്‍മ്മിക്കാന്‍ പോകുന്നു എന്ന പ്രഖ്യാപനം നടത്തിയ 2014 ജൂണിലാണ് ബാഗ്ദാദി അവസാനമായി പൊതുവേദിയില്‍ എത്തിയത്. കഴിഞ്ഞ ദിവസം അമേരിക്ക നേതൃത്വം നല്കുന്ന സംയുക്ത സേന മൊസൂള്‍ നഗരത്തില്‍ പ്രവേശിച്ചിരുന്നു. അതിനിടയില്‍ അല്‍ ബാഗ്ദാദിയെ ഇറാഖ് സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
ബഗ്ദാദി ഇറാഖി സേനയുടെ വലയിലായതായി വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് കുര്‍ദിഷ് പ്രസിഡന്റ് മസൗദ് ബര്‍സാദിയുടെ വക്താവ് ഫുവാദ് ഹുസൈന് പറഞ്ഞു. ബഗ്ദാദിക്കും മറ്റ് മുതിര്‍ന്ന മൂന്ന് നേതാക്കള്‍ക്കും ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു നല്‍കിയതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഗുരുതരാവസ്ഥയിലായ ബഗ്ദാദിയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായും പറഞ്ഞിരുന്നു.
നേരത്തേയും ബഗ്ദാദിയും മറ്റു നേതാക്കളും അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായും മറ്റും അഭ്യാഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതുവരെ 900 ഐഎസ് ഭീകരരെ സേന കൊലപ്പെടുത്തിയതായി സൈന്യം അറിയിച്ചിരുന്നു. അയ്യായിരത്തോളം ഐഎസ് ഭീകരര്‍ നിലവില്‍ മൊസൂളില്‍ ഉണ്ടെന്നാണ് അനുമാനം. പോരാട്ടം അവസാന ഘട്ടത്തിലാണെന്നും സൂചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല