സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ ഇന്ത്യയുടെ കനാല്‍ നിര്‍മ്മാണം ചൈന തടഞ്ഞു, ഇരു സേനകളും മുഖാമുഖം. ജമ്മു കശ്മീരിലെ ലേയ്ക്ക് 250 കിലോമീറ്റര്‍ കിഴക്ക് ദെംചോക് സെക്ടറിലെ യഥാര്‍ഥ നിയന്ത്രണരേഖയിലാണ് സംഘര്‍ഷാവസ്ഥ. തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ ജലസേചന കനാല്‍ നിര്‍മിക്കുന്നത് ചൈനീസ് പട്ടാളം തടഞ്ഞതോടെ കരസേനയും ഐ.ടി.ബി.പിയും പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു.
മഞ്ഞുമലയിലെ നീരുറവ ജലസേചനത്തിനും കുടിവെള്ളത്തിനുമായി പ്രയോജനപ്പെടുത്തുന്ന കനാലിന്റെ നിര്‍മാണമാണു പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ അമ്പതോളം പേര് ചേര്‍ന്നു തടഞ്ഞത്. ഇവര്‍ യഥാര്‍ഥ നിയന്ത്രണ രേഖ (എല്‍.എ.സി) കടക്കുന്നതു തടഞ്ഞ് ഇന്ത്യന്‍ സൈന്യവും രംഗത്തിറങ്ങി. ഈ പ്രദേശം തങ്ങളുടേതാണെന്നു പി.എല്‍.എ. അവകാശപ്പെടുന്നെങ്കിലും ഒരു കാല്‍വയ്പ് പോലും അനുവദിക്കില്ലെന്ന് ഇന്ത്യന്‍ സേന വ്യക്തമാക്കി.
ഈ മേഖലയിലെ ഏതു നിര്‍മാണ പ്രവര്‍ത്തനത്തിനും ഉഭയകക്ഷി സമ്മതം വേണമെന്നാണു ചൈനീസ് പട്ടാളത്തിന്റെ നിലപാട്. അതേസമയം, പ്രതിരോധ രംഗവുമായി ബന്ധപ്പെട്ട നിര്‍മാണജോലികള്‍ക്കു മാത്രമേ ഈ വ്യവസ്ഥ ബാധകമാകൂ എന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. രണ്ടു വര്‍ഷം മുമ്പ് നിലുങ് നല്ലയില്‍ സമാനമായ കനാല്‍ നിര്‍മാണം ചൈന തടസപ്പെടുത്തിയത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.
അന്ന് താഷിഗോങ്ങില് നിന്നുള്ള ഗ്രാമീണരെ അണിനിരത്തി ടെന്റുകള്‍ നിര്‍മിച്ചാണു ചൈന പ്രതിരോധം സൃഷ്ടിച്ചത്. പ്രകോപനത്തിനു തിരിച്ചടിയെന്നോണം ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മെച്ചുകയില്‍ ഇന്ത്യ വ്യോമസേനയുടെ ചരക്ക് വിമാനം ഇറക്കി. സി17 വിമാനമാണു സമുദ്രനിരപ്പില്‍നിന്ന് 6,200 അടി ഉയരത്തിലുള്ള മേഖലയില്‍ ഇറക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല