1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2016

സ്വന്തം ലേഖകന്‍: വര്‍ദ്ധിച്ചു വരുന്ന കുടിയേറ്റത്തെ നിയന്ത്രിക്കാന്‍ വിസ നിയമത്തില്‍ കര്‍ശന ഉപാധികളുമായി ബ്രിട്ടന്‍, ഇന്ത്യന്‍ പ്രൊഫണലുകള്‍ക്ക് വന്‍ തിരിച്ചടി. കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമാകുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച തീരുമാനം എടുത്തിരിക്കുന്നത്. പുതുക്കിയ നയം നവംബര്‍ 24 ന് നിലവില്‍ വരുന്നമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയനില്‍ പെടാത്ത ജോലിക്കാരെ ബ്രിട്ടീഷ് കമ്പനികള്‍ കൂടുതലായി ആശ്രയിക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ കൂടിയാണ് ഈ മാറ്റമെന്നാണ് സൂചന.

പ്രധാനമായും ഐടി മേഖലയിലെ ജീവനക്കാര്‍ക്കാണ് പുതിയ വിസ നിയമം തിരിച്ചടിയാകുക. വിസയ്ക്കായി ഐസിടി (ഇന്‍ട്രാകമ്പനി ട്രാന്‍സ്ഫര്‍) സംവിധാനം ഉപയോഗിക്കുന്നവരെയാകും ഇത് കൂടുതല്‍ ബാധിക്കുക. ഈ സംവിധാനത്തിലൂടെ അനുവദിക്കുന്ന 90 ശതമാനം വിസകളുടെയും ഗുണഭോക്താക്കള്‍ ഇന്ത്യക്കാരാണ് എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.

വിസ നയത്തിലെ മാറ്റ പ്രകാരം കുറഞ്ഞത് 30,000 പൗണ്ട് ശമ്പളം വാങ്ങുന്നവര്‍ക്ക് മാത്രമേ നവംബര്‍ 24 ന് ശേഷം രണ്ടാം ശ്രേണിയിലെ കമ്പനിയിലെ സ്ഥലം മാറ്റത്തിന് അപേക്ഷിക്കാനാകൂ.മുന്‍പ് 20,800 പൗണ്ടായിരുന്നു ഇതിനുള്ള ശമ്പള പരിധി.

അനുഭവസമ്പത്തുള്ള ജീവനക്കാര്‍ക്ക് 25,000 പൗണ്ടും ബിരുദധാരികളായ ജീവനക്കാര്‍ക്ക് 23,000 പൗണ്ടുമാണ് വിസയ്ക്ക് അപേക്ഷിക്കാന്‍ ആവശ്യമായ ശമ്പള പരിധി. ഇതോടൊപ്പം, ബ്രിട്ടണിലെത്തി രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ കാലാവധി നീട്ടുന്നതിനായി അപേക്ഷിക്കുന്ന കുടിയേറ്റക്കാരുടെ മാതാപിതാക്കളും ജീവിത പങ്കാളിയും ഇഗ്ലീഷ് പരിജ്ഞാന പരീക്ഷ കൂടി പാസ്സായിരിക്കണം എന്ന നിര്‍ദേശം കൂടി നവംബര്‍ 24 ഓടെ പ്രാബല്യത്തില്‍ വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.