1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2016

സ്വന്തം ലേഖകന്‍: രാംനാഥ് ഗോയങ്ക പുരസ്‌കാര ചടങ്ങില്‍ നരേന്ദ്ര മോദിയെ വേദിയിലിരുത്തി ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്ററുടെ തീപ്പൊരി പ്രസംഗം. മാധ്യമ പ്രവര്‍ത്തകരെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ രാജ് കമല്‍ ഝാ നല്‍കിയ മറുപടി സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുകയും ചെയ്തു. മോദിയില്‍നിന്നും ഗോയങ്ക പുരസ്‌കാരം സ്വീകരിക്കാന്‍ വിസമ്മതിച്ച ടൈംസ് ഓഫ് ഇന്ത്യ ജേര്‍ണലിസ്റ്റ് അക്ഷയ മുകുളിന്റെ നടപടി മോദിക്ക് തിരിച്ചടിയായതിനു പിന്നാലെയാണ് ഝായുടെ വിമര്‍ശനം. ചടങ്ങില്‍ പ്രസംഗിച്ച മോദി മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. മാധ്യമങ്ങള്‍ക്ക് ഏറ്റവും പ്രധാനമായി വേണ്ടത് വിശ്വാസ്യതയാണെന്ന് മോദി പറഞ്ഞു. വാര്‍ത്തകള്‍ പലതും വളച്ചൊടിക്കപ്പെടുന്നു. വാര്‍ത്തകളെ നിലപാടുകള്‍ വിഴുങ്ങുന്നുവെന്നും മോദി വിമര്‍ശിച്ചു. ബിഎംഡബ്ല്യു ഡ്രൈവര്‍ ദളിതനെ കൊന്നു എന്നതരത്തിലാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശരിയായ റിപ്പോര്‍ട്ടിംഗ് പലപ്പോഴും ഒത്തുതീര്‍പ്പുകള്‍ക്ക് വിധേയമാകുന്നതായും മോദി പറഞ്ഞു. രാംനാഥ് ഗോയങ്കയെ പ്രസംഗത്തില്‍ പുകഴ്ത്താനും മോദി മറന്നില്ല. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ സംഭാവനകളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഗോയങ്കയെ മോദി പുകഴ്ത്തിയത്. എന്നാല്‍ മോദിക്ക് പിന്നാലെ നന്ദി പ്രസംഗത്തിന് എഴുന്നേറ്റ രാജ് കമല്‍ ഝാ മോദിക്ക് ശക്തമായ മറുപടിയാണ് നല്‍കിയത്. സാര്‍, നിങ്ങള്‍ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ പുകഴ്ത്തുന്നത് ഞങ്ങളെ തളര്‍ത്തുന്നു. രാംനാഥ് ഗോയങ്കയെക്കുറിച്ചുള്ള ഒരു വസ്തുതയുണ്ട്. വിക്കിപീഡിയ നോക്കിയാല്‍ നിങ്ങള്‍ക്കതു കാണണമെന്നില്ല. എന്നാല്‍ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ എന്ന നിലയില്‍ എനിക്കു പറയാന്‍ കഴിയും ‘നിങ്ങളുടെ റിപ്പോര്‍ട്ടര്‍ നന്നായി ജോലി ചെയ്യുന്നുണ്ടല്ലോ’ എന്ന് ഒരു മാധ്യമപ്രവര്‍ത്തകനെക്കുറിച്ച് സംസ്ഥാന മുഖ്യമന്ത്രി അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ ഗോയങ്ക ആ മാധ്യമപ്രവര്‍ത്തകനെ അപ്പോള്‍ തന്നെ പിരിച്ചുവിട്ടു. അത്തരത്തിലുള്ള ആളാണ് ഗോയങ്കെ. ഏതെങ്കിലും ഒരു മാധ്യമപ്രവര്‍ത്തകനെ ഭരണകൂടം വിമര്‍ശിച്ചാല്‍ അയാള്‍ക്കുള്ള ഏറ്റവും വലിയ പുരസ്‌കാരം അതാണെന്നും ഝാ പറഞ്ഞു. സെല്‍ഫി ജേണലിസത്തിന്റെ കാലത്ത് നിങ്ങളുടെ കൈയ്യില്‍ വിവരങ്ങളില്ലെങ്കില്‍ അതൊരു പ്രശ്‌നമേയല്ല. കാരണം ഫ്രെയിമില്‍ ഒരു ദേശീയപതാക കൊണ്ടുവന്ന് അതിനു പിന്നില്‍ ഒളിച്ചിരുന്നാല്‍ മതിയാവും. നല്ല മാധ്യമപ്രവര്‍ത്തനമെന്നാല്‍ റിപ്പോര്‍ട്ടര്‍മാരും എഡിറ്റര്‍മാരും തങ്ങള്‍ ചെയ്യേണ്ട ജോലി നല്ല രീതിയില്‍ ചെയ്യുന്നതാണ്, അല്ലാതെ സെല്‍ഫി ജേണലിസമല്ല. നല്ല മാധ്യമപ്രവര്‍ത്തനം മരിക്കുന്നില്ല, ചീത്ത മാധ്യമപ്രവര്‍ത്തനത്തിന്റെ ശബ്ദ കോലാഹലത്തില്‍ അത് മുങ്ങിപ്പോവുകയാണ് ചെയ്യുന്നതെന്നും ഝാ പറഞ്ഞു. ത്സായുടെ പ്രസംഗത്തിനൊപ്പം സദസും കയ്യടിക്കുകയും ചിരിക്കുകയും ചെയ്തപ്പോള്‍ വേദിയിലിരുന്ന മോദിയുടെ മുഖം വലിഞ്ഞു മുറുകുയും ചെയ്തു. പ്രസംഗത്തിന്റെ വീഡിയോ കാണാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.