സ്വന്തം ലേഖകന്‍: മുക്കത്ത് നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം, പിതാവും സിദ്ധനും അറസ്റ്റില്‍, മാപ്പ് പറഞ്ഞ് കുഞ്ഞിന്റെ പിതാവ്. അഞ്ചു ബാങ്കുവിളി സമയംവരെ കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ച കുട്ടിയുടെ പിതാവ് ഓമശ്ശേരി ചക്കാനക്കണ്ടി അബൂബക്കര്‍, ഉപദേശം നല്കിയ സിദ്ധന് ഹൈദ്രോസ് തങ്ങള്‍ എന്നിവരെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75, 87 വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.
ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസെടുക്കേണ്ടെന്ന നിലപാടിലായിരുന്നു ആദ്യം പൊലീസ്. കഴിഞ്ഞ ബുധനാഴ്ചയാണ് അബൂബക്കറിന്റെ ഭാര്യ ഹഫ്സത്ത് ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. കുട്ടിക്ക് മുലപ്പാല്‍ കൊടുക്കാന്‍ യുവതി വിസമ്മതിച്ചതോടെയാണ് സംസ്ഥാനത്ത് കേട്ടുകേള്‍വിയില്ലാത്ത സംഭവം പുറത്തായത്. അഞ്ചു ബാങ്ക്വിളി നേരം കഴിഞ്ഞശേഷമേ മുലപ്പാല്‍ കൊടുക്കാവൂവെന്ന് പറഞ്ഞാണ് ഇവര്‍ വാശിപിടിച്ചത്. ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും എത്ര പറഞ്ഞിട്ടും കുട്ടിക്ക് മുലപ്പാല്‍ നല്‍കിയില്ല.
പിറന്നുവീണ കുട്ടിക്ക് മുലപ്പാല്‍ നിഷേധിച്ചതോടെ ജില്ല കലക്ടറും പ്രശ്നത്തിലിടപെട്ടു. ഒടുവില്‍ സിദ്ധന് നിര്‍ദേശിച്ചപോലെ അഞ്ച് ബാങ്ക്വിളി നേരം കഴിഞ്ഞ് പിറ്റേന്ന് ഉച്ചയോടെയാണ് മുലപ്പാല്‍ നല്‍കിയത്. കളന്തോടിലെ മുഷ്താരി വളപ്പിലെ വീട്ടിലത്തെിയാണ് സിദ്ധനെ അറസ്റ്റ് ചെയ്തത്. അബൂബക്കറിനെ വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. കാലങ്ങളായി മന്ത്രവാദം നടത്തി കഴിയുകയാണ് ഹൈദ്രോസ് തങ്ങളെന്നും സ്ഥാപനത്തിനെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല