സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും അവര്‍ കൂടിക്കാഴ്ച നടത്തും. ബ്രെക്സിറ്റിനു ശേഷം ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലെത്തിയ മേയുടെ യൂറോപ്പിനു പുറത്തെ ആദ്യ സന്ദര്‍ശനമാണ് ഇത്. ഇന്ത്യയുമായി ചേര്‍ന്ന് ചെറുകിട, ഇടത്തര വ്യവസായ സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മേ നേരത്തേ അറിയിച്ചിരുന്നു.
യൂറോപ്യന്‍ യൂണിയനു പുറത്തുള്ള ഏതെങ്കിലും രാജ്യത്തേക്ക് തെരേസ മേയ് നടത്തുന്ന ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനമായതിനാല്‍ ഈ യാത്രക്ക് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വന്‍ നയതന്ത്ര പ്രാധാന്യമാണ് നല്‍കുന്നത്. സാമ്പത്തിക വ്യാപാര സഹകരണത്തിനായുള്ള നിരവധി കൂടിക്കാഴ്ച്ചകള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായുണ്ടാകുമെന്നാണ് സൂചന.
ഏഴുമുതല്‍ ഒന്പതുവരെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ, യു.കെ. സാങ്കേതിക ഉച്ചകോടിയോട് അനുബന്ധിച്ചാണ് സന്ദര്‍ശനം. ഇന്ത്യന്‍ ശാസ്ത്ര സങ്കേതിക വകുപ്പും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബ്രിട്ടണ് ശാസ്ത്ര, ഗവേഷണ മന്ത്രി ജോ ജോണ്‍സണും ചടങ്ങില്‍ സംബന്ധിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കഴിഞ്ഞ വര്‍ഷം നവംബറിലെ യു.കെ. സന്ദര്‍ശനത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കാന്‍ തീരുമാനമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല